
വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ ബിജെപി-സംഘ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന ആരോപണത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രംഗത്ത്. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ ഇരിക്കുമെന്ന് കാണിച്ച് സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൗണ്‍സിലര്‍ വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ചു. പൊലീസിന്റെ നീതിബോധത്തിലുള്ള വിശ്വാസം കൊണ്ടാണ് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും, ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ആര്‍ ശ്രീലേഖയുടെ പോസ്റ്റ്
BJP/ സംഘ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് SHO വിപിന്‍ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ ഇരിക്കും എന്നറിയിച്ചുകൊണ്ട് സിറ്റി പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മാധവിക്കും അയച്ച whatsapp സന്ദേശം. ഞാന്‍ ഇപ്പോഴും പോലീസിന്റെ നന്മയില്‍വിശ്വസിക്കുന്നു... എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
നട്ടയത്ത് ഇന്നലെയാണ് ബിജെപി - പൊലീസ് സംഘര്‍ഷമുണ്ടായത്. നെട്ടയം മലമുകളില്‍ ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന ബി ജെ പി പ്രവര്‍ത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂര്‍ക്കാവ് പൊലീസിന് പരാതി നല്‍കിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവര്‍ത്തകന്റെ ഭാര്യയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവായ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാരും സി പി എം പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാല്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.