
കണ്ണൂര്‍: കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മാതാപിതാക്കള്‍ കോളജിലെത്തി. അഞ്ചരക്കണ്ടി ദന്തല്‍ കോളജിലാണ് മാതാപിതാക്കള്‍ എത്തിയത്. മാനേജ്‌മെന്റ് അധികൃതരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച 11.30 ഓടെയാണ് പിതാവ് രാജന്‍, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവര്‍ കോളജിലെത്തിയത്. മകന്‍ വീണു മരിച്ച സ്ഥലം ഇവര്‍ സന്ദര്‍ശിച്ചു. കണ്ടുനില്‍ക്കുന്നവരെ പോലും കരളലിയിക്കുന്ന ദൃശ്യമാണ് അവിടെ നടന്നത്. കാമ്പസിലൂടെ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ആ പിതാവ് മകന്‍ കഴിഞ്ഞിരുന്ന ഓരോ സ്ഥലവും സന്ദര്‍ശിച്ചത്. തന്റെ മകന്‍ ഒരിക്കലും മരിക്കില്ലെന്നും എല്ലാവരും കൂടി ഉപദ്രവിച്ചു കൊലപ്പെടുത്തിയതാണെന്നും അച്ഛന്‍ പറഞ്ഞു.
മകന്റെ മരണശേഷം കോളജ് അധികൃതരോ മന്ത്രിമാരോ ആരുംതന്നെ വീട് സന്ദര്‍ശിച്ചില്ലെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
അതിനിടെ, നിതിന്‍രാജിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദളിത് ലീഗ് കോളജിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ബോക്‌സര്‍മാര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടെയാക്കി. പിന്നീട് പോലീസ് ഇടപെട്ട് ഇവരെ നീക്കി.
നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത മാറുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഇവര്‍ പറഞ്ഞു. 28ന് ഹര്‍ത്താല്‍ നടത്തും. ലോണ്‍ ആപ്പില്‍ മാത്രമായി മരണം ഒതുക്കി തീര്‍ക്കാനാണ് ശ്രമം. ലോണ്‍ ആപ്പ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞ പോലീസിന് എന്തുകൊണ്ട് പ്രിന്‍സിപ്പാള്‍ അടക്കമുള്ള പ്രതികളായ അധ്യാപകരെ പിടികൂടാന്‍ കഴിയുന്നില്ലെന്നും കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.