Image

ഇറാനെ കുറിച്ച് മാർപാപ്പയോടു ട്രംപ് രണ്ടു ചോദ്യങ്ങൾ ഉയർത്തി (പിപിഎം)

Published on 21 April, 2026
ഇറാനെ കുറിച്ച് മാർപാപ്പയോടു ട്രംപ് രണ്ടു ചോദ്യങ്ങൾ ഉയർത്തി (പിപിഎം)

ഇറാൻ യുദ്ധത്തെ ലിയോ പതിന്നാലാമൻ മാർപാപ്പ തുടർന്നും എതിർക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഇറാനെ കുറിച്ച് അദ്ദേഹത്തോട് രണ്ടു ചോദ്യങ്ങൾ ഉയർത്തി.  

ഒന്ന്: "ഇറാൻ അണ്വായുധം നിർമിക്കുന്നതിൽ വിരോധമില്ലെന്നു മാർപാപ്പ ചിന്തിക്കുന്നത് എന്തു കൊണ്ടാണ്?"

രണ്ട്: "അവർ 42,000 പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിൽ അദ്ദേഹത്തിനെന്താ എതിർപ്പില്ലേ?"

അമേരിക്കൻ പോപ്പിന്റെ വിമർശനത്തിൽ പ്രസിഡന്റ് അമർഷം പ്രകടിപ്പിച്ചു. യുദ്ധം തുടരാൻ ന്യായങ്ങളും പറഞ്ഞു.

"ഇത് വളരെ പ്രധാനപ്പെട്ട യുദ്ധമാണ്. അവർ അണ്വായുധം ഉണ്ടാക്കുന്നത് അനുവദിക്കാൻ പറ്റില്ലെന്നു ഞാൻ മാർപാപ്പയോടു പറഞ്ഞു. കാരണം, അവർ അത് ഉപയോഗിക്കുമ്പോൾ മില്യൺ കണക്കിന് ആളുകൾ മരിക്കും. അതിൽ ഇറ്റലിക്കാരും ലോകമൊട്ടാകെയുള്ള കത്തോലിക്കരും ഉൾപെടും.

"ഒരു രാജ്യവും നിരായുധരായ 42,000 പ്രതിഷേധക്കാരെ കൊല്ലുന്നത് അനുവദിക്കാൻ പറ്റില്ല. അതിൽ ഒട്ടേറെപ്പേർ ചെറുപ്പക്കാർ ആയിരുന്നു. അവരെ പൊതുസ്ഥലത്തു ക്രെയ്‌നിൽ കെട്ടിത്തൂക്കിയാണ് കൊന്നത്."

ഇറാന്റെ സൈനിക ശക്തി ഇല്ലാതാക്കിയ താൻ സമാധാനത്തോടുള്ള പ്രതിബദ്ധത നിറവേറ്റുകയാണ്‌ ചെയ്തതെന്നു ട്രംപ് പറയുന്നു.

'യുദ്ധമെന്ന ഭ്രാന്ത്' അവസാനിപ്പിക്കണം എന്നാണ് പാപ്പാ ആവശ്യപ്പെട്ടിട്ടുള്ളത്. ആയുധമെടുത്തു പോരാടുന്ന അഹങ്കാരികളായ നേതാക്കളെ അദ്ദേഹം അപലപിക്കുന്നു. "യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല, അത് തള്ളിക്കളയും," പാപ്പാ മാർച് 29നു ഓശാന കുർബാനയ്ക്കിടെ പറഞ്ഞു.

പോപ്പ് വിദേശകാര്യ നയം അറിയാത്ത ആളാണെന്നു ട്രംപ്  പരിഹസിച്ചു.

ഇറാൻ യുദ്ധത്തിൽ യുഎസ് സൈനികർക്കു പിന്തുണ തേടി സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്സേഥ് യേശുവിനോടു പ്രാർഥിച്ചതിനെയും പാപ്പാ വിമർശിച്ചു.

ഏപ്രിൽ 12നു ട്രംപ് യേശു ക്രിസ്തുവിനെ പോലെ അതിശയം ചെയ്യുന്ന എ ഐ ഇമേജ് അദ്ദേഹത്തിന്റെ ട്രൂത് സോഷ്യലിൽ വന്നതിനെ മാർപാപ്പ വിമർശിച്ചു. വിവാദമായപ്പോൾ പ്രസിഡന്റ് അതു നീക്കം ചെയ്തു.

Trump poses two questions to Pope

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക