
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് III ദൗത്യത്തിന്റെ നിർണ്ണായക ഘട്ടം പൂർത്തിയായി. ദൗത്യത്തിനായി ഉപയോഗിക്കുന്ന എസ്.എൽ.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം ) റോക്കറ്റിന്റെ ഏറ്റവും വലിയ ഭാഗമായ 'കോർ സ്റ്റേജ്' ലൂയിസിയാനയിലെ മിഷൗഡ് അസംബ്ലി ഫെസിലിറ്റിയിൽ നിന്ന് പുറത്തിറക്കി. ഏപ്രിൽ 20-നാണ് 212 അടി ഉയരമുള്ള ഈ ഭീമൻ ഭാഗം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനായി 'പെഗാസസ്' ബാർജിലേക്ക് മാറ്റിയത്.
2027-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യം, അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന ചരിത്രപരമായ ദൗത്യമാണ്. വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2 ന് പിന്നാലെയാണ് അടുത്ത ഘട്ടത്തിലേക്കുള്ള റോക്കറ്റ് ഭാഗങ്ങൾ നാസ സജ്ജമാക്കിയത്.
റോക്കറ്റിന്റെ പ്രത്യേകതകൾ
റോക്കറ്റിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കോർ സ്റ്റേജിലാണ് നാല് 'ആർ.എസ്-25' എഞ്ചിനുകൾ ഘടിപ്പിക്കുന്നത്. വിക്ഷേപണ സമയത്ത് ഏകദേശം 7,33,000 ഗാലൻ ദ്രാവക ഇന്ധനം (ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്സിജനും) ഉൾക്കൊള്ളാൻ ശേഷിയുള്ള രണ്ട് കൂറ്റൻ ടാങ്കുകൾ ഇതിലുണ്ട്. വിക്ഷേപണത്തിന്റെ ആദ്യ എട്ട് മിനിറ്റുകളിൽ രണ്ട് ദശലക്ഷം പൗണ്ട് 'ത്രസ്റ്റ്' പുറന്തള്ളി ആകാശത്തേക്ക് കുതിക്കാൻ ഈ ഭാഗം റോക്കറ്റിനെ സഹായിക്കും.
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനും തുടർന്ന് ചൊവ്വയിലേക്കുള്ള പര്യവേഷണത്തിന് അടിത്തറയിടാനും ഈ മുന്നേറ്റം അത്യന്താപേക്ഷിതമാണെന്ന് നാസയുടെ എക്സ്‌പ്ലോറേഷൻ സിസ്റ്റംസ് ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ലോറി ഗ്ലേസ് പറഞ്ഞു.
ബോയിംഗ് , എൽ3 ഹാരിസ് ടെക്നോളജീസ് എന്നീ കമ്പനികളാണ് റോക്കറ്റിന്റെ നിർമ്മാണത്തിൽ നാസയുടെ പ്രധാന പങ്കാളികൾ. കെന്നഡി സ്പേസ് സെന്ററിൽ എത്തുന്ന ഈ ഭാഗം മറ്റ് ഘടകങ്ങളുമായി യോജിപ്പിച്ച് വരും മാസങ്ങളിൽ അന്തിമ വിക്ഷേപണത്തിന് സജ്ജമാക്കും. ശാസ്ത്രീയ കണ്ടെത്തലുകൾക്കപ്പുറം ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഈ നീക്കത്തെ ശാസ്ത്രലോകം വിലയിരുത്തുന്നു.