
ചെങ്ങന്നൂര്‍: വയോധികന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ചെങ്ങന്നൂര്‍ സ്വദേശി യേശുദാസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മരുമകള്‍ ലിമയാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയാണ്.
യേശുദാസിന് ഒരു മകനും മകളുമാണ് ഉള്ളത്. മകന്‍ 2016ല്‍ മരണമടഞ്ഞിരുന്നു. മകള്‍ യു.കെയിലാണ്. അവര്‍ക്കും പരാതിയുണ്ടെന്ന് ലിമ പറഞ്ഞു.
യേശുദാസിനെ സ്വത്തിനും പണത്തിനും വേണ്ടി സഹോദരന്‍ ഗബ്രിയേല്‍ കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ ആരോപണം. യേശുദാസിന്റെ വീടും സ്ഥലവും ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. 90 ദിവസത്തിനകമാണ് മരണം നടന്നിരിക്കുന്നത്. ചെങ്ങന്നൂര്‍ ഒഴിവാക്കി പാണ്ടനാട് രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്‌ട്രേഷന്‍ നടന്നിരിക്കന്നത്. അതിലും ദുരൂഹതമുണ്ട. രജിസ്‌ട്രേഷനില്‍ ഒരു സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് യേശുദാസിനെ ശുശ്രൂഷിക്കാന്‍ നിന്നിരുന്ന കെയര്‍ ടേക്കര്‍ ആണ്. 2023 വരെ താന്‍ യേശുദാസിന്റെ അക്കൗണ്ടിലേഷക്ക് പണം അയച്ചുനല്‍കിയിരുന്നു. ഒരു വസ്തു വിറ്റതിന്റെ പണവും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. ഇതെല്ലാം അക്കൗണ്ടില്‍ നിന്ന് മാറ്റിയെന്നും ലിമ ആരോപിക്കുന്നു.
മാര്‍ച്ച് 20നാണ് യേശുദാസ് മരിച്ചത്. വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യേശുദാസിനെ സഹോദരന്റെ കുടുംബം ആശുപത്രിയില്‍ എത്തിച്ച് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ചു. സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയില്‍ പറയുന്നു.
ജോലിക്കാരി നല്‍കിയ കേക്ക് കഴിച്ചാണ് യേശുദാസ് അവശനിലയില്‍ ആയെന്ന് ഇവര്‍ പറയുന്നു. ശരീരം നീലച്ച നിലയിലായിരുന്നു. കൈകളില്‍ പാടുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പുലിയൂര്‍ ഓര്‍ത്തഡോക്‌സ് പള്ളി കല്ലറയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുവരൂ.