Image

'ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല വീട്ടുകാരനാണ്': കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം

Published on 20 April, 2026
'ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല വീട്ടുകാരനാണ്':  കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം

തിരുവനന്തപുരം: വയനാട് ടൗണ്‍ ഷിപ്പിലെ വീട്ടില്‍പോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതില്‍ വിശദീകരണവുമായി റവന്യൂമന്ത്രി കെ രാജന്‍. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തില്‍ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പിലേക്ക് പോയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലം നിര്‍മാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ആളുകള്‍ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറല്‍ ക്രാക്ക് എന്നാണ്. എന്നാല്‍, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോള്‍ എന്‍ജിനീയര്‍മാര്‍ ഉറപ്പുനല്‍കുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും ചെയ്തു. ആ ഘട്ടത്തിലാണ് വീടിനുള്ളിലേക്ക് പോയത്. അവിടെ വീടിനുള്ളില്‍ പെന്‍സിലുകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ പെന്‍സില്‍ കൊണ്ട് തന്നെ അടയാളപ്പെടുത്തിയത് ആണോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നോക്കിയത്, രാജന്‍ പറഞ്ഞു.

ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ലെന്നും വീട്ടുകാരനായിട്ടുള്ള ആളാണെന്നും രാജന്‍ പറഞ്ഞു. എന്റെ വീട്ടുകാര്‍ക്ക് അങ്ങനെ ഒരു വീട് ഏല്‍പിക്കുമ്പോള്‍ വിള്ളലുണ്ട് എന്ന ചെറിയ ആശങ്ക പോലും നിലനില്‍ക്കാന്‍ പാടില്ലെന്ന് തനിക്കുണ്ടായിരുന്നു. താന്‍ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറും എന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി നേരത്തെയും ഞങ്ങള്‍ക്കില്ല. വിള്ളലുണ്ടെന്ന ആരോപണമുയര്‍ന്ന വീടിന്റെ ഉടമയായ നൗഫലിനെ സാമൂഹികമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ആക്രമിക്കുന്ന ഒരു പണിക്കും ആരും മുതിരരുത്. നൗഫല്‍ ദുരന്തബാധിതനായ മനുഷ്യനാണ്. അയാള്‍ വികാരപരമായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ആക്രമിക്കുന്ന ഒരുപണിയും ചെയ്യരുത്. 'കൂലിപ്പണിക്കാരന്‍ രാജന്‍, തൃശ്ശൂരില്‍നിന്നൊരു പണിക്കാരനെ കിട്ടി വാര്‍ക്കപ്പണിക്ക്' എന്നൊക്കെ കേള്‍ക്കേണ്ടിവന്നു. കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേള്‍ക്കേണ്ടിവരുമ്പോള്‍ ആത്മാഭിമാനം വര്‍ധിക്കുന്നതല്ലാതെ ഒരു തരി പോലും അത് കുറഞ്ഞിട്ടില്ല. മന്ത്രിയായി അഞ്ചുവര്‍ഷം കഴിഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് കയറിവരുമ്പോള്‍ മുതലാളി രാജന്‍ എന്ന് കേട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

 

Join WhatsApp News
സത്യസന്ധത ജാതി മത രാഷ്ട്രീയ സമുദായക്കാർക്ക് തീറെഴുതിയതല്ല, അത് വ്യക്തയിൽ അധിഷ്ഠിതം 2026-04-20 13:43:38
ചേട്ടാ ചേട്ടനെ ഏൽപ്പിച്ച ജോലി ഇതല്ലല്ലോ , ജയിപ്പിച്ചു MLA ആക്കിയത് മന്ത്രിയാക്കിയത് നടത്തിപ്പിനാണ് . പാവം ഇങ്ങേരു പെട്ട് പോയതാണ്, അൽമാർത്ഥത തനിക്കു മാത്രമേ ഉള്ളു എന്ന് അറിയാതെ ചാടിയിറങ്ങിയതാ . അല്ലാത്തവർ ഒരു പ്രസ്താവന , "ഓ അങ്ങനയണോ? സംഭവിക്കാൻ സാധ്യത ഇല്ലല്ലോ , നോക്കാം, അന്വഷിക്കാം , കർശന നടപടി വേണ്ടി വന്നാൽ ഒരു ജുഡീഷ്യൽ കമ്മീഷൻ എന്ന് വേണ്ട എന്തെലല്ലാം നിഘണ്ടുവിൽ കിടക്കുന്നു! രാഷ്ട്രയ്ക്കാരുടെയും തുടക്ക ശൈലിയാണ് ഞാൻ പാമരൻ, സാധാരണക്കാരൻ ഇന്ന സമുദായം അതിൽ അഭിമനും കൊള്ളുന്നു, പിന്നെ അവരെ ജനങ്ങൾ കാണുന്നത് കോടികൾ ആസ്തിയുള്ള പൂമരൻമ്മാരായും മുതലാളിമാരായും . പാവം പാമര സാദാ സമുദായം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക