
ചൊവാഴ്ച്ച ആരംഭിക്കാനിരുന്ന രണ്ടാം വട്ട യുഎസ്-ഇറാൻ ചർച്ച ഇറാൻ ബഹിഷ്‌കരിക്കുന്നതിന്റെ കാരണം ഹോർമുസിലെ യുഎസ് ഉപരോധമാണെന്നു പാക്ക് സൈനിക മേധാവി അസിം മുനീർ പ്രസിഡന്റ് ട്രംപിനെ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പറയുന്നു.
രണ്ടാം വട്ട ചർച്ചയ്ക്കു ഉപരോധം തടസമാണെന്നു മുനീർ ട്രംപിനോടു ഫോണിൽ പറഞ്ഞു. മൂന്ന് ദിവസം ടെഹ്റാനിൽ കഴിഞ്ഞ മുനീർ ഇറാന്റെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
തിങ്കളാഴ്ച്ച യുഎസ് ഇറാന്റെ ഒരു കപ്പൽ ഗൾഫിനു സമീപം പിടിച്ചെടുത്തത് സംഘർഷം വർധിപ്പിക്കയും ഇറാന്റെ നിലപാട് കടുപ്പിക്കയും ചെയ്തു. ടൗസ്ക എന്ന കപ്പൽ ഹോർമുസ് കടക്കാൻ ശ്രമിക്കുമ്പോൾ യുഎസ് സേന അതിൽ പ്രവേശിച്ചു എൻജിൻ റൂം നശിപ്പിച്ചു എന്നാണ് റിപ്പോർട്ട്.
തട്ടിക്കൊണ്ടു പോകലും കടൽക്കൊള്ളയുമാണ് യുഎസ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഇറാൻ ചർച്ച ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു.
യുഎസ് നിലപാടുകൾക്ക് സ്ഥിരതയില്ലെന്നു ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് ചൂണ്ടിക്കാട്ടി. സമ്മർദം മുറുക്കി ചർച്ചയിൽ നേട്ടമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. അത് ഇറാനോടു നടക്കില്ല.
ഇനിയൊരു ചർച്ചയിൽ പങ്കെടുക്കാൻ ഇറാനു താത്പര്യമില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് തിങ്കളാഴ്ച്ച പറഞ്ഞു.
ഞായറാഴ്ചയ്ക്കു ശേഷം ഹോർമുസിലൂടെ കപ്പലുകൾ കടന്നു പോയിട്ടില്ലെന്നാണ് റിപ്പോർട്ട്. യുഎസ് ഉപരോധം മൂലം പൂർണ സ്തംഭനമാണ്.
Hormus blockade prevents talks, Munir tells Trump