
തിരുവനന്തപുരം: വിഷുദിനത്തിൽ ശ്രീകൃഷ്ണനെ അവഹേളിച്ച് ആശംസാ പോസ്റ്റുകൾ പ്രചരിപ്പിച്ച ഹോട്ടലുടമകൾക്കെതിരെ പരാതിയുമായി ഹിന്ദുഐക്യവേദി. സംഭവത്തിന് പിന്നിലെ അസ്വഭാവികതയും തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്ക് പരാതി നൽകി. കേരളത്തിലെ വിവിധ റസ്റ്റോറന്റുകൾ ഇത്തരത്തിൽ വിഷു ആശംസാ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. ഹിന്ദുഐക്യവേദി അദ്ധ്യക്ഷൻ ആർ വി ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീകൃഷ്ണനെ അധിക്ഷേപിച്ച് വിഷു ആശംസാ പോസ്റ്റുകൾ പങ്കുവച്ചതിന് ചേർത്തല സ്വദേശിയും മെഹർ മന്തി എന്ന റസ്റ്റോറന്റ് ഉടമയുമായ യുവാവ് അറസ്റ്റിലായിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് അർഷാദിനെതിരെ കേസെടുത്തത്.
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ തയാറാക്കിയത്. ബോധപൂർവം ചെയ്‌തതല്ലെന്നും സോഷ്യൽ മീഡിയ പോസ്‌റ്റ് തയാറാക്കുന്നത് ഫ്രീലാൻസറെ ഏൽപ്പിച്ചതാണെന്നുമാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലായിരുന്നു കേസ്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.