Image

തൃണമൂല്‍ വിട്ട് പി.വി. അന്‍വര്‍; മെയ് പകുതിയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം

Published on 20 April, 2026
തൃണമൂല്‍ വിട്ട് പി.വി. അന്‍വര്‍; മെയ് പകുതിയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി വിച്ഛേദിച്ച് ബെപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി.വി. അന്‍വര്‍. തൃണമൂലിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും, മെയ് പകുതിയോടെ സംസ്ഥാനത്ത് ഈ പുതിയ രാഷ്ട്രീയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നും അന്‍വര്‍ വ്യക്തമാക്കി.

​കഴിഞ്ഞ ഒന്നര വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ വരെ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. എന്നാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അര്‍ഹമായ പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി സഹകരിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ പിന്തുണയ്ക്കാന്‍ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം തടസ്സമാണെന്നും, അതിനാൽ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ കഴിയില്ലെന്നുമുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് ബന്ധം വേര്‍പെടുത്താന്‍ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.

​രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടിയെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഈ പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേപോലെ എതിര്‍ക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകള്‍ നടത്താനാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം.

​ഇക്കാര്യം തീരുമാനിക്കാനായി സംസ്ഥാന കമ്മിറ്റി യോഗം ചേരുകയും ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ചെയ്തു. സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള പുതിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് അന്‍വറും സംഘവും ഒരുങ്ങുന്നത്. തൃണമൂലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക