Image

ലോൺ ആപ്പ് ഭീഷണി: കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

Published on 20 April, 2026
ലോൺ ആപ്പ് ഭീഷണി: കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് വടകര ആയിഞ്ചേരിയിൽ നിന്ന് കാണാതായ യുവാവിനെ ഒടുവിൽ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് വിഷ്ണുവിനെ (25) കണ്ടെത്തിയത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യവെ സഹയാത്രക്കാരന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഷ്ണു തന്റെ സഹോദരനെ ഫോണിൽ വിളിച്ചതാണ് നിർണ്ണായകമായത്. താൻ ജീവനോടെയുണ്ടെന്നും എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വീട്ടിലേക്ക് വരാൻ താൽപ്പര്യമില്ലെന്നും വിഷ്ണു ആദ്യം അറിയിക്കുകയായിരുന്നു.

​വീട്ടുകാരുടെ കടുത്ത മാനസിക പ്രയാസം ബോധ്യപ്പെടുത്തി സഹോദരൻ നിർബന്ധിച്ചതോടെ വിഷ്ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെ സിആർപിഎഫിൽ ജോലി ചെയ്യുന്ന അമ്മാവന്റെ ഫോൺ നമ്പറും ശേഖരിച്ച് വിഷ്ണു അവരെയും ബന്ധപ്പെട്ടു. വിവരം ലഭിച്ചയുടൻ വീട്ടുകാർ പയ്യന്നൂരിലെത്തി വിഷ്ണുവിനെ നേരിൽ കാണുകയും സുരക്ഷിതമായി കൂട്ടിക്കൊണ്ടുവരികയും ചെയ്തു. വിഷ്ണുവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നേരത്തെ അന്വേഷണം നടത്തിവരികയായിരുന്നു.

​ഇക്കഴിഞ്ഞ ഏപ്രിൽ 13-നാണ് ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞ് വിഷ്ണു വീട്ടിൽ നിന്ന് ഇറങ്ങിയത്. ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്ത പതിനായിരം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന്, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് കാട്ടി ലോൺ ആപ്പ് മാഫിയാ സംഘം ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ലോൺ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമായി വിഷ്ണുവിൽ നിന്ന് പോലീസ് മൊഴിയെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക