
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത അധ്യാപകര്‍ സംസ്ഥാനം വിട്ടതായി പൊലീസ്. ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം.കെ. റാം ആന്ധ്രയിലാണെന്നും, കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ കേരളത്തിന് പുറത്താണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നിതിന്റെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഡോ. റാമിനെ ഈ മാസം 16-ന് കോളജ് അധികൃതര്‍ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഈ മാസം 10-നാണ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി നിതിന്‍ രാജ് ജീവനൊടുക്കിയത്. സംഭവത്തില്‍ 12-ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, നിതിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണക്കാരെ രക്ഷിക്കാന്‍ പോലീസ് ലോണ്‍ ആപ്പിന്റെ മറപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. നിതിന്‍ മരിച്ച് പത്ത് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അധ്യാപകര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 22-ന് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം, നിതിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് ജീവനക്കാരായ മൂന്നുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രധാന പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും, ഇവര്‍ ഒളിവില്‍ പോയത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.