Image

കോടശ്ശേരി മല സ്ഥിതി ചെയ്യുന്നത് വീടിന് സമീപം, പ്രദേശത്ത് പാമ്പുകൾ പതിവ് ; നാടിന്റെ നോവായി ആൽജോ

Published on 20 April, 2026
കോടശ്ശേരി മല സ്ഥിതി ചെയ്യുന്നത് വീടിന് സമീപം, പ്രദേശത്ത് പാമ്പുകൾ പതിവ് ; നാടിന്റെ നോവായി ആൽജോ

തൃശൂർ കോടാലിയിൽ വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം. കോടാലി സ്വദേശി ആൽജോയാണ് മരിച്ചത്. ആൽജോയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന സഹോദരനും പാമ്പുകടിയേറ്റിട്ടുണ്ട്. സഹോദരൻ നിലവിൽ ചികിത്സയിലാണ്. കുടുംബം ഉറങ്ങിക്കിടന്നപ്പോൾ തലയണയ്ക്കടിയിൽ ഒളിച്ചിരുന്ന പാമ്പ് കുട്ടികളെ കടിക്കുകയായിരുന്നു. ഈ സംഭവം കോടാലിയിലെ നാട്ടുകാരെ ഒന്നടങ്കം തീരാവേദനയിലാഴ്ത്തിയിരിക്കുകയാണ്.

​ശനിയാഴ്ച രാത്രി വീട്ടിൽ അച്ഛൻ സിൽജോയ്ക്കും അമ്മ ജോൺസിക്കുമൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടികൾ ഉണർന്നു. നേരത്തെ ബന്ധുവിന്റെ ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കഴിച്ച ജ്യൂസ് മൂലമുള്ള ദഹനപ്രശ്നമാകാം ഇതെന്നു കരുതി അച്ഛനമ്മമാർ ഇഞ്ചിനീരും ചൂടുവെള്ളവും നൽകുകയായിരുന്നു. കുട്ടികൾ വീണ്ടും അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയി ഉറങ്ങുകയും ചെയ്തു. പിന്നീട് അഞ്ചരയോടെയാണ് കുട്ടികൾ അവശനിലയിലാണെന്ന് ശ്രദ്ധയിൽപ്പെട്ടത്.

​അപകടം മനസ്സിലാക്കിയ ഉടൻ മാതാപിതാക്കൾ കുട്ടികളെ ബൈക്കിൽ കോടാലി വരെ എത്തിക്കുകയും, അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രാവിലെ 6.30-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സഹോദരൻ അനോഷിനെ കറുകുറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആൽജോയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

​വീടിന് സമീപം കോടശ്ശേരി മല സ്ഥിതി ചെയ്യുന്നതിനാൽ ഈ ഭാഗങ്ങളിൽ പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപ് നിർമ്മിച്ച അടച്ചുറപ്പുള്ള വീടാണെങ്കിലും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ദുരന്തത്തിന് കാരണമായതെന്ന് കരുതുന്നു. ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിക്കുന്ന വീടാണെങ്കിലും വീടിന് തൊട്ടുപിന്നിലെ മലയോര മേഖല പാമ്പുകളുടെ സാന്നിധ്യത്തിന് കാരണമാകുന്നതായാണ് വിലയിരുത്തൽ. ഈ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക