
തൃശൂർ പൂരം നാളുകളിലെ ആഘോഷരാവുകളിലേക്ക് കടക്കുന്നു. വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെ പൂരം മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 8.30-ന് ഘടകപൂരമായ ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റ് നടക്കുക. തുടർന്ന് രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും പതിനൊന്നേകാലോടെ പാറമേക്കാവിലും ചടങ്ങുകൾ നടക്കും. ഏപ്രിൽ 26-നാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശൂർ പൂരം നടക്കുക. മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, പ്രധാന വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഏപ്രിൽ 24-ന് പൂരച്ചമയ പ്രദർശനവും നടക്കും.
തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിന് ചരിത്രപരവും സവിശേഷവുമായ പ്രാധാന്യമുണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം നൂറ്റെട്ട് ദുർഗാലയങ്ങളിൽ ഒന്നുകൂടിയാണ്. ദേവി ഇവിടെ 'ബാലഭാവ'ത്തിലാണ് കുടികൊള്ളുന്നത് എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽത്തന്നെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ വെടിക്കെട്ടോ കടുംനിറത്തിലുള്ള വസ്ത്രങ്ങളോ പതിവില്ല. കൂടാതെ ഉപപ്രതിഷ്ഠകളില്ലാത്ത ഈ ക്ഷേത്രത്തിലെ എട്ടരയടി ഉയരമുള്ള ബലിക്കല്ല് സവിശേഷമായ കാഴ്ചയാണ്.
പൂരദിനം രാവിലെ ആറുമണിയോടെ ലാലൂർ കാർത്ത്യായനി ദേവി മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പൂരത്തിന് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകളുടെ എണ്ണം അഞ്ചായും, നടുവിലാലിലെത്തുമ്പോൾ ഒമ്പതായും വർദ്ധിക്കും. അവിടെനിന്നും മേളം ആരംഭിക്കുകയും വടക്കുന്നാഥ സന്നിധിയിലെത്തി വണങ്ങി മടങ്ങുകയും ചെയ്യും. എവിടേയും ഇറക്കിപ്പൂജയില്ലാതെ ലാലൂരിലേക്ക് തന്നെയാണ് ദേവി തിരികെ മടങ്ങുന്നത്. വൈകീട്ട് ആറുമണിയോടെ ദേവി വീണ്ടും വടക്കുന്നാഥനെ വണങ്ങാനായി എഴുന്നള്ളും. പകൽ നടന്ന അതേ ചടങ്ങുകൾ വൈകുന്നേരവും ആവർത്തിക്കപ്പെടും.