Image

പാക്കിസ്ഥാനെ മധ്യസ്ഥതയ്ക്കു വിളിച്ച യുഎസ് നാണം കെട്ടു പോകുമെന്നു നിരീക്ഷകൻ (പിപിഎം)

Published on 20 April, 2026
പാക്കിസ്ഥാനെ മധ്യസ്ഥതയ്ക്കു വിളിച്ച യുഎസ് നാണം കെട്ടു പോകുമെന്നു നിരീക്ഷകൻ (പിപിഎം)

ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ പാക്കിസ്ഥാനെ മധ്യസ്ഥതയ്ക്കു വിളിച്ച യുഎസ് നാണം കെട്ടു പോകുമെന്നു നിരീക്ഷകൻ. കിൻഡർഗാർട്ടനിൽ പഠിപ്പിക്കാൻ കുട്ടികളെ ബലാത്സംഗം ചെയ്തയാളെ നിയോഗിക്കുന്നതു പോലെയാണിതെന്നു അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഫെലോ മൈക്കൽ റൂബിൻ പറഞ്ഞു.

"ഏറ്റവും വലിയ ദേശരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് കണ്ടെത്തിയ മധ്യസ്ഥർ രാജ്യത്തിനു നാണക്കേടുണ്ടാക്കും," അദ്ദേഹം 'സൺഡേ ഗാർഡിയൻ' പത്രത്തിൽ എഴുതി.  

പാക്ക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ഇസ്രയേലിനെ തിന്മ നിറഞ്ഞ രാജ്യമെന്നും മാനവരാശിക്കു ശാപമെന്നും വിളിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പാക്കിസ്ഥാനെ വാഴ്ത്തിയത്. ഇസ്രയേൽ ഒരു ക്യാൻസർ ആണെന്നും വംശീയ ഉന്മൂലനത്തിനു കുറ്റവാളിയാണെന്നും ആസിഫ് ഏപ്രിൽ 9നു എക്‌സിൽ കുറിച്ചിരുന്നു.

അതിന്റെ പിന്നാലെയാണ് പാക്കിസ്ഥാൻ മികച്ച മധ്യസ്ഥരാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പറഞ്ഞത്. പാക്ക് സൗഹൃദം വിലയേറിയതാണ് എന്നും യുഎസ് പറഞ്ഞുവെന്നു  മൈക്കൽ റൂബിൻ ചൂണ്ടിക്കാട്ടി. 

പാക്ക് സൈനിക മേധാവി അസിം മുനീറിനെ കുറിച്ചു ട്രംപ് പറഞ്ഞത് ഇങ്ങിനെ: "ഫീൽഡ് മാർഷൽ അസാമാന്യ കക്ഷിയാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും." കരാർ ഉണ്ടായാൽ ഒപ്പിടാൻ താൻ പാക്കിസ്ഥാനിൽ പോകാൻ ഇടയുണ്ടെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ അഭിപ്രായങ്ങൾ 'നയതന്ത്ര ദിവാസ്വപ്നം' ആണെന്നു റൂബിൻ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ഈ ചർച്ചയിൽ വഹിക്കുന്ന പങ്ക് ഉപദ്രവമായേ കലാശിക്കൂ.

ഇറാന് അണ്വായുധം വികസിപ്പിക്കാനുള്ള സാങ്കേതിക പരിജ്ഞാനം നൽകിയത് പാക്ക് ശാസ്ത്രജ്ഞൻ എ ക്യൂ ഖാൻ ആണെന്ന് റൂബിൻ ചൂണ്ടിക്കാട്ടി. ലോകത്തു ഏറ്റവുമധികം അമേരിക്കൻ വിരോധം വച്ചു പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ.

2011ൽ അൽ ഖൈദ നേതാവ് ഒസാമ ബിൻ ലാദനെ വധിച്ച യുഎസ് റെയ്‌ഡിനെ പാക്ക് സർക്കാർ അന്നു വിശേഷിപ്പിച്ചത് 'അഗാധമായ നിരാശ' എന്നായിരുന്നുവെന്നു റൂബിൻ ചൂണ്ടിക്കാട്ടി. താലിബാൻ ഭീകരർ സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിച്ച കാൽസിയം അമോണിയം നൈട്രേറ്റിൽ പകുതിയോളം രണ്ടു പാക്ക് ഫാക്ടറികളിൽ ആണ് നിർമിച്ചത്. താലിബാനു പാക്കിസ്ഥാൻ നൽകിയ പിന്തുണ ആയിരക്കണക്കിനു അമേരിക്കൻ പൗരന്മാരുടെ മരണത്തിനു ഇടയാക്കി.

ഇസ്ലാമാബാദിലെ അഹങ്കാരികളായ ഭരണകർത്താക്കൾ ഇപ്പോൾ കരുതുന്നത് അവരുടെ ഭീകര പ്രസ്ഥാനങ്ങൾക്ക് ട്രംപ് അനുമതി നൽകിയെന്നാണ് എന്നും റൂബിൻ കൂട്ടിച്ചേർക്കുന്നു.

Pak's mediation may led to US's humiliation

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക