Image

മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്; പരസ്യ പ്രതികരണം പാടില്ല

Published on 19 April, 2026
മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്; പരസ്യ പ്രതികരണം പാടില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും മാനക്കേടായി മാറിയ 'മുഖ്യമന്ത്രി തർക്കത്തിൽ' നിലപാട് കടുപ്പിച്ച്  ഹൈക്കമാൻഡ്. നേതാക്കൾക്ക് അവരുടെ അഭിപ്രായം പാർട്ടി വേദികളിൽ പറയാമെന്നും പരസ്യ പ്രസ്താവകൾ വേണ്ടെന്നും നിർദേശിച്ചു.

നേരത്തെ പരസ്യ പ്രതികരണം വിലക്കാൻ എഐസിസി നിർദേശം നൽകിയെങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കൾ വഴങ്ങിയില്ല. ഇതിൽ വ്യാപക പരാതി എത്തിയതോടെയാണ് നിലപാട് കടുപ്പിച്ചത്. മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകണം എന്ന നിലയിൽ ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതികരിച്ചതും സമൂഹ്യമാധ്യമങ്ങളിൽ തല്ലു കൂടിയതുമാണ് വിവാദങ്ങൾക്ക് തുടക്കം. അതിനിടെ എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പേരും വന്നു.

സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും പരസ്യ പ്രതികരണങ്ങൾക്ക് പിന്നാലെ നേതാക്കൾ നേരിട്ടും അനുകൂലികൾ വഴിയും ഡൽഹിയിലെത്തി സ്ഥാനം ഉറപ്പിക്കാൻ ഇവരെല്ലാം ഇടപെടൽ നടത്തി. രമേശ് ചെന്നിത്തലയെ അനുകൂലിച്ചിരുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പടെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തുകയാണ്. ഇതോടെ മുന്നണിയിൽ മുസ്‌ലിം ലീഗടക്കം ഘടകക്ഷികൾ എഐസിസി നേതാക്കളെ പരാതി അറിയിച്ചു. ബെന്നി ബെഹനാൻ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയത്. തൽക്കാലം വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ വേണ്ടെന്നാണ് പാർട്ടി നിലപാട്.

യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയം എംപിമാരുടെയും എംഎൽഎമാരുടെയും നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും പറയേണ്ടെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക