
രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് അലഹബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടേതാണ് നടപടി. നിയമപരമായ ചില സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി മുൻ ഉത്തരവ് സ്റ്റേ ചെയ്തത്.
രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനോ അന്വേഷണം നടത്തുന്നതിനോ മുൻപ് ആരോപണവിധേയനായ വ്യക്തിക്ക് നോട്ടീസ് നൽകി അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കേണ്ടത് നിയമപരമായ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സമാനമായ മറ്റ് കേസുകളിൽ ഇത്തരത്തിൽ നോട്ടീസ് നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന മുൻകാല കോടതി വിധികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ ഈ തിരുത്തൽ. രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ടതിന് ശേഷം മാത്രമേ കേസിൽ ഇനി തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ.
കർണാടകയിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിരനാണ് രാഹുൽ ഗാന്ധിക്കെതിരെ ഇരട്ടപ്പൗരത്വ പരാതി നൽകിയത്. രാഹുലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ലഖ്‌നൗവിലെ പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു. പൗരത്വ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി അപേക്ഷ നിരസിച്ചത്. ഇതിനെതിരെയുള്ള അപ്പീലിലാണ് യു.പി സർക്കാരോ കേന്ദ്ര ഏജൻസിയോ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്. ഈ മാസം 20-ന് കേസ് വീണ്ടും പരിഗണിക്കും.