
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടിവെള്ള സ്രോതസ്സുകൾ, ജ്യൂസ് കടകൾ, പാനീയ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്. മാർച്ച് ഒന്നു മുതൽ ഇതുവരെ 3,641 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് പിഴയൊടുക്കുന്നതിനുള്ള നോട്ടീസും നൽകിയതായി മന്ത്രി അറിയിച്ചു. പരിശോധനയുടെ ഭാഗമായി ജ്യൂസ്, ശീതളപാനീയങ്ങൾ എന്നിവയുടെ 506 സാമ്പിളുകളും, കുടിവെള്ളത്തിന്റെയും കുപ്പിവെള്ളത്തിന്റെയും 118 സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇതിൽ 36 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ദാഹം തോന്നിയില്ലെങ്കിൽ പോലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.