
വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ദുരന്തബാധിതർക്ക് വാസയോഗ്യമായ വീടുകൾ മാത്രമേ നൽകൂവെന്നും 100 ശതമാനം ഗുണനിലവാരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൗൺഷിപ്പിൽ വിള്ളലുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് അഞ്ചുവർഷത്തേക്ക് ഊരാളുങ്കൽ സൊസൈറ്റി ബാധ്യസ്ഥരാണ്. വിള്ളൽ തിരഞ്ഞുനടക്കാൻ കോൺഗ്രസിന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെപ്പോയി? ഒരു പ്ലാനും ഇല്ലാതെ ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇപ്പോൾ അവർ പറയുന്ന കണക്കുകൾ വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി കൂട്ട അടി തുടങ്ങിക്കഴിഞ്ഞു, വരും ദിവസങ്ങളിൽ ഇത് മാരത്തോൺ അടിയായി മാറും. എല്ലാവരും കൂടി ഡൽഹിയിലേക്ക് വണ്ടി കയറുന്ന അത്ഭുതകരമായ കാഴ്ചയാണ് യു.ഡി.എഫിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.