Image

ടിസിഎസിലെ മതപരിവര്‍ത്തന കേസ്; പ്രധാന പ്രതി നിദാ ഖാന്‍ ഒളിവില്‍, വീട് പൂട്ടിയ നിലയില്‍

Published on 18 April, 2026
ടിസിഎസിലെ മതപരിവര്‍ത്തന കേസ്; പ്രധാന പ്രതി നിദാ  ഖാന്‍ ഒളിവില്‍, വീട് പൂട്ടിയ നിലയില്‍

ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന നിദാ ഖാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഒളിവില്‍ തന്നെ. മതപരിവര്‍ത്തന, ലൈംഗിക പീഡനക്കേസുകളില്‍ പ്രധാന പ്രതികളിലൊരാളായ നിദാ ഖാനെ പിടികൂടാനാകാതെ അന്വേഷണസംഘം കുഴങ്ങുകയാണ്. ഇവരുടെ ഭര്‍ത്താവ് ഇടയ്ക്കിടെ മൊഴിമാറ്റുന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

ടിസിഎസിന്റെ നാസിക് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന ഖാനെ രണ്ട് മാസം മുമ്പ് മുംബൈയിലെ മലാഡിലും ഹിരാനന്ദാനിയിലും ഉള്ള ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഭര്‍ത്താവ് മൊയീന്‍ നവീദ് ഇഖ്ബാല്‍ ഖാന് താനെയിലെ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) ലോജിസ്റ്റിക്‌സ് ഓഫീസറായി ജോലി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥലം മാറ്റം. എന്നിരുന്നാലും, മതപരിവര്‍ത്തന, ലൈംഗിക പീഡനക്കേസുകളില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ഇവരെ ടിസിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിദ ഒളിവില്‍ പോയത്.

നിദയുടെ ഭര്‍ത്താവിനെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഏപ്രില്‍ 14ന് നിദ വീട്ടില്‍നിന്ന് പോയെന്നും ഒരു ബന്ധുവിനൊപ്പമാണ് താമസിക്കുന്നത് എന്നുമാണ് അയാള്‍ മൊഴി നല്‍കിയത്. മൊഴിയില്‍ പറഞ്ഞതു പ്രകാരമുള്ള ബന്ധുവിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. നിദയുടെയും ബന്ധുവിന്റെയും മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീട് ഇഖ്ബാല്‍ ഖാന്‍ വീണ്ടും മൊഴി മാറ്റി. ഒരാഴ്ച മുന്‍പ് നിദയെ അവരുടെ അമ്മായി നാസിക്കിലേക്ക് കൊണ്ടുപോയെന്നും ഇപ്പോള്‍ നിദ എവിടെയാണുള്ളതെന്ന് അറിയില്ലെന്നുമാണ് പുതിയ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക