Image

സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നടപടി: വനിത സംവരണത്തെ എതിര്‍ത്ത പാപത്തിന് ശിക്ഷ ലഭിക്കുമെന്ന് മോദി

Published on 18 April, 2026
സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നടപടി: വനിത സംവരണത്തെ എതിര്‍ത്ത പാപത്തിന് ശിക്ഷ ലഭിക്കുമെന്ന് മോദി

ന്യൂഡല്‍ഹി: വനിത ബില്‍ പാസാകാത്തതില്‍ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.   ബില്‍ പാസാകാത്തതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായത്. അതിന് രാജ്യത്തെ സ്ത്രീകളോട് താന്‍ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം രാജ്യത്തേക്കാൾ വലുതായി കാണുന്ന ചിലരുടെ നിലപാടുകളാണ് പദ്ധതി തടസ്സപ്പെടാൻ കാരണമായതെന്ന് മോദികുറ്റപ്പെടുത്തി. മുന്നണി രാഷ്ട്രീയത്തിന്‍റെ സ്വാർത്ഥത രാജ്യത്തെ നാരീശക്തിയുടെ വളർച്ചയെ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇന്നലെ രാജ്യത്തെ സ്ത്രീകളുടെ കണ്ണുകൾ ലോകസഭയിലേക്കായിരുന്നു. എന്നാൽ വനിതാ സംവരണ ബിൽ പാസാകാത്തതിൽ താൻ ഉൾപ്പെടെയുള്ള എൻ.ഡി.എ അംഗങ്ങൾ വിഷമിച്ചപ്പോൾ, ഇന്ത്യ മുന്നണിയിലെ അംഗങ്ങൾ അത് സന്തോഷത്തോടെ ഡെസ്കിലടിച്ച് ആഘോഷിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.

ഇത് രാജ്യത്തെ എല്ലാ സ്ത്രീകളോടുമുള്ള അവഹേളനമാണെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി ഇന്ത്യ മുന്നണി നേതാക്കളെ കാണുമ്പോൾ തങ്ങളുടെ ശക്തി ഇല്ലാതാക്കിയവരാണെന്ന് സ്ത്രീകൾ ഓർക്കുമെന്നും ഇതിനുള്ള ശിക്ഷ അവർക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നാരീശക്തി വന്ദൻ ആരുടെയും അവകാശങ്ങൾ കവരാനുള്ളതല്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് അർഹമായ സംവരണം ഉറപ്പാക്കാനുള്ളതാണെന്നും അത് അവരുടെ അവകാശമാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകൾ അവരുടെ യഥാർത്ഥ മുഖം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയെന്ന് മോദി പറഞ്ഞു. തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിപക്ഷത്തിന്‍റെ പതിവു രീതിയാണെന്നും പ്രാദേശിക പാർട്ടികളുടെ ഭാവി തകർക്കാനുള്ള ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ, എസ്.പി പാര്‍ട്ടികള്‍ക്ക് സ്വാര്‍ഥതയാണ്. കുടുംബാധിപത്യ പാര്‍ട്ടിയും ബില്‍ പരാജയപ്പെട്ടപ്പോള്‍  ആഹ്ലാദിച്ചു. രാജ്യതാല്‍പര്യങ്ങളാണ് ഞങ്ങള്‍ക്ക് വലുത്. ചിലര്‍ക്ക് രാഷ്ട്രീയതാല്‍പര്യങ്ങളാണ് വലുത്.

വനിത സംവരണം ഉള്‍പ്പടെയുള്ള ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്. ബില്ലിനെ 298 പേര്‍ അനുകൂലിച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. 

നേരത്തെ വനിതസംവരണ ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടിയെ വിമര്‍ശിച്ച് അമിത് ഷാ രംഗത്തെത്തിയിരുന്നു.. സംവരണം എന്ന തത്വത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എന്‍ഡിഎ ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക