
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.
പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെ, ശനിയാഴ്ച ആ വഴി കടന്നുപോകാാന്‍ ശ്രമിച്ച രണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ് നടത്തിയതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. കടലിടുക്കിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്കും യാത്ര അവസാനിപ്പിച്ച് തിരിച്ചുപോരേണ്ടി വന്നതായി വെസ്സല്‍ ട്രാക്കര്‍ അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള സമുദ്രതര്‍ക്കം മുറുകുന്നതിനിടെയുണ്ടായ ഈ പുതിയ നീക്കം, ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതകളിലൊന്നിലെ സുരക്ഷയെയും ആഗോള ഊര്‍ജ്ജ വിതരണത്തെയും ബാധിക്കുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ ശനിയാഴ്ചയാണ് ഇറാന്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തിയത്. യു.എസ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇറാന്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.