
ആലപ്പുഴ: ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷുവിന് ആശംസാപോസ്റ്റർ പങ്കുവച്ചതിൽ പ്രതിഷേധിച്ച് പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചേർത്തല സ്വദേശി രതീഷ് പണിക്കർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് പോസ്റ്റർ പങ്കുവച്ച മെഹർ മന്തി റെസ്റ്റോറന്റിനെ അധിക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റർ പങ്കുവച്ചത്.
മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ പോസ്റ്റർ പങ്കുവയ്ക്കുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുന്ന സാഹചര്യത്തിലാണിത്. മുസ്ലീം പള്ളിയെയും മുസ്ല്യാരെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റർ. മുസ്ല്യാരുടെ മുന്നിൽ ഒരു പന്നിയിരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. മെഹർ മന്തിയുടെ റംസാൻ ആശംസ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മെഹർ മന്തി ഉടമയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അർഷാദിനെതിരെ കേസെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.