Image

​കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ്: മധ്യപ്രദേശ് പോലീസിന് തടയിട്ട് കൊച്ചി പോലീസ്; കോടതി ഉത്തരവുണ്ടെന്ന് കമ്മീഷണർ

Published on 18 April, 2026
​കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ്: മധ്യപ്രദേശ് പോലീസിന് തടയിട്ട് കൊച്ചി പോലീസ്; കോടതി ഉത്തരവുണ്ടെന്ന് കമ്മീഷണർ

കൊച്ചി: വിവാദമായ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. പെണ്‍കുട്ടിയെ പിടികൂടാനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത് പെൺകുട്ടിയെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും, നിലവിൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. സേനകൾ തമ്മിൽ നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് മധ്യപ്രദേശ് പൊലീസിന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. താൻ 18 വയസ്സ് പൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽ നിൽക്കുന്നതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രായം തെളിയിക്കുന്ന രേഖകളും ഇവർ പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. തന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പെൺകുട്ടിയെ പിടികൂടാൻ മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തമ്പടിച്ചത്.

​തിരുവനന്തപുരത്ത് വെച്ച് നടന്ന ഇവരുടെ വിവാഹം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. എന്നാൽ, വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണം ശക്തമായി. പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂവെന്നും ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നുമായിരുന്നു പരാതി. ഇതിനെ തുടർന്ന് കടുത്ത നിയമനടപടികളിലേക്കും വിവാദങ്ങളിലേക്കും സംഭവം നീങ്ങുകയായിരുന്നു.

​പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവർഗ കമ്മീഷനും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചു എന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ഈ കേസിന്റെ അന്വേഷണവും അറസ്റ്റ് നടപടികളുമായാണ് മധ്യപ്രദേശ് പൊലീസ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. കോടതി ഉത്തരവും പെൺകുട്ടിയുടെ മൊഴിയും നിലനിൽക്കെ, നിയമപരമായ സങ്കീർണ്ണതകളിലാണ് കേസ് ഇപ്പോൾ എത്തിനിൽക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക