
വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ സഹായം ഉറപ്പാക്കും. സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയ്ക്കായി കൗൺസലിങ് ഏർപ്പെടുത്തുമെന്നും, അടുത്ത അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് സ്കൂളിൽ ആവശ്യമായ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുദർശനത്തിന് ശേഷം വിവിധ ഇടങ്ങളിലായി മൃതദേഹങ്ങൾ സംസ്കരിച്ചു. മാട്ടാത്ത് മഹല്ലിൽ അബ്ദുൽ മജീദിനെയും ഭാര്യ റുഖിയയെയും ഖബറടക്കി. പാങ്ങ് ജുമാ മസ്ജിദിൽ റംലത്ത്, സാജിത, ഷക്കീന എന്നിവരുടെ സംസ്കാര ചടങ്ങുകൾ നടന്നു. ഈസ്റ്റ് പാങ്ങ് മസ്ജിദിലാണ് സുഹറയെയും മകൻ ഹിഷാമിനെയും ഖബറടക്കിയത്. പ്രധാനാധ്യാപിക പി. അജിതയുടെ മൃതദേഹം ഷൊർണ്ണൂർ ശാന്തിതീരത്തും, അധ്യാപിക ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടുവളപ്പിലുമാണ് സംസ്കരിച്ചത്.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ഒൻപത് പേരും പാങ്ങ് മേഖലയിലെ സ്കൂളുകളിലെ അധ്യാപകരും ജീവനക്കാരുമായിരുന്നു. പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത് (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), അദ്ദേഹത്തിന്റെ ഭാര്യ റുഖിയ (39), പാചക തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), മറ്റൊരു സ്കൂളിലെ അധ്യാപികയായ ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു ഭാര്യ റുഖിയ. അടുത്തിടെ യുപി സ്കൂളിലേക്ക് മാറിയ ഷക്കീന താൻ മുൻപ് ജോലി ചെയ്ത സ്കൂളിലെ വിനോദയാത്രയിൽ ഒപ്പം കൂടുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുമായി ചികിത്സയിലാണ്. വാൻ ഡ്രൈവർ ഫാസിത്ത്, സ്കൂൾ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹാദിൻ (11), മസ്‌നീൻ (10) എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനിലയും തുടർചികിത്സയും സർക്കാർ നേരിട്ട് നിരീക്ഷിക്കുമെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.