Image

കെപിസിസി ലെറ്റർ പാഡ് വ്യാജമായി ഉപയോഗിച്ചു; സണ്ണി ജോസഫിന്റെ പരാതിയിൽ കെ. സുധാകരൻ അനുകൂലികൾക്കെതിരെ കേസ്

Published on 18 April, 2026
കെപിസിസി ലെറ്റർ പാഡ് വ്യാജമായി ഉപയോഗിച്ചു; സണ്ണി ജോസഫിന്റെ പരാതിയിൽ കെ. സുധാകരൻ അനുകൂലികൾക്കെതിരെ കേസ്

കെപിസിസി ലെറ്റർ പാഡ് ദുരുപയോഗം ചെയ്ത് വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെ. സുധാകരൻ എംപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് സണ്ണി ജോസഫ് കത്തയച്ചു എന്ന തരത്തിൽ പ്രചാരണം നടത്തിയ അഡ്വ. കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​രണ്ടുപേരുടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് ഈ വ്യാജ കത്ത് വ്യാപകമായി പ്രചരിച്ചത്. കെപിസിസിയുടെ ഔദ്യോഗിക ലെറ്റർ ഹെഡിൽ തയ്യാറാക്കിയ കത്തിൽ, കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരനെ മത്സരിപ്പിക്കരുതെന്നും പകരം ടി.ഒ. മോഹനനെ പിന്തുണയ്ക്കണമെന്നും കെ. സുധാകരന്റെ വിജയസാധ്യതയിൽ ആശങ്കയുണ്ടെന്നും പരാമർശിച്ചിരുന്നു. ഈ കത്ത് പൂർണ്ണമായും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് പരാതി നൽകിയത്.

​എന്നാൽ, ഈ വിഷയത്തിൽ കെ. സുധാകരൻ എംപി സ്വീകരിച്ച നിലപാട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെയുള്ള കത്ത് വ്യാജമാണെന്ന് വിശ്വസിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെടുകയുണ്ടായി. ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്.

​ഈ വിവാദം സണ്ണി ജോസഫിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സണ്ണി ജോസഫിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവി രാജിവയ്ക്കണമെന്ന ആവശ്യവും അന്ന് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. നിലവിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക