Image

സമരം ചെയ്യുന്ന നഴ്സുമാർക്ക് തിരിച്ചടി; അച്ചടക്ക നടപടിയെടുക്കാൻ ആശുപത്രി മാനേജ്‌മെന്റുകൾക്ക് ഹൈക്കോടതി അനുമതി

Published on 18 April, 2026
സമരം ചെയ്യുന്ന നഴ്സുമാർക്ക് തിരിച്ചടി; അച്ചടക്ക നടപടിയെടുക്കാൻ ആശുപത്രി മാനേജ്‌മെന്റുകൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം സംബന്ധിച്ച നിർണായക ഉത്തരവുമായി ഹൈക്കോടതി. സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാൻ ആശുപത്രി മാനേജ്‌മെന്റുകൾക്ക് കോടതി അനുമതി നൽകി. നഴ്സുമാർ പണിമുടക്കരുതെന്ന് നേരത്തെ നൽകിയിരുന്ന ഇടക്കാല ഉത്തരവ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ റദ്ദാക്കി.

​ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന സമരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. നഴ്സുമാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ മധ്യസ്ഥ ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടതായി നിരീക്ഷിച്ചാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

​കോടതിയുടെ മുൻ ഉത്തരവുകൾ ഉണ്ടായിട്ടും ചില ആശുപത്രികളിൽ സമരം തുടരുന്നതായി മാനേജ്‌മെന്റുകൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകൾക്ക് നിയമപരമായ നടപടികളിലേക്ക് കടക്കാൻ അനുമതി ലഭിച്ചത്. അതേസമയം, ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്നുമുള്ള മാനേജ്‌മെന്റുകളുടെ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക