Image

ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: മരണത്തിന് മിനിറ്റുകൾക്ക് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published on 18 April, 2026
ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: മരണത്തിന് മിനിറ്റുകൾക്ക് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മരണത്തിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് നിതിൻ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോളേജിലെ പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫീസിൽ വെച്ച് നടന്ന സംഭവങ്ങൾ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ദുരൂഹതകൾ വർധിപ്പിക്കുകയാണ്.

​സംഭവദിവസം ഉച്ചയ്ക്ക് 1.20-ഓടെയാണ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്ന് നിതിൻ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ 1.38-ഓടെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭാഷണത്തിൽ പ്രിൻസിപ്പലിനെ കൂടാതെ മറ്റ് മൂന്ന് അധ്യാപകർ കൂടി പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

​കോളേജിനകത്തെ സിസിടിവി ദൃശ്യങ്ങളും കേസുമായുള്ള നിർണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്ന അധ്യാപിക ലത ശശിധരൻ ഉൾപ്പെടെയുള്ളവരുമായുള്ള വിദ്യാർഥിയുടെ സംഭാഷണങ്ങൾ ഈ കേസിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

​അതേസമയം, കേസിലെ ആരോപണവിധേയരായ എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർ പുറത്തുവന്ന ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. ഓഫീസിനുള്ളിൽ വെച്ച് നിതിനുമായി നടന്ന തർക്കങ്ങളോ മറ്റെന്തെങ്കിലും സമ്മർദ്ദങ്ങളോ ആണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക