
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ പാല്‍വിലയില്‍ വര്‍ധന വരുത്താനൊരുങ്ങി മില്‍മ. ലിറ്ററിന് നാലുരൂപ വീതം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഇന്ന് വീണ്ടും മന്ത്രി ജെ. ചിഞ്ചു റാണിയുമായി കൂടിക്കാഴ്ച നടത്തും. മെയ് ആറ് വരെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യം മില്‍മ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പും പരിഗണിച്ച് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് പാല്‍വില വര്‍ധന സര്‍ക്കാര്‍ പലതവണ നീട്ടിവയ്ക്കുകയായിരുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുതന്നെ പാല്‍വില വര്‍ധനയില്‍ തീരുമാനമുണ്ടാകണമെന്ന് മില്‍മ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച മില്‍മയ്ക്ക് ഏറെ നിര്‍ണായകമാണ്.