Image

'വാൽപ്പാറ അപകട വാർത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നത്' ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Published on 18 April, 2026
'വാൽപ്പാറ അപകട വാർത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നത്' ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാന്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ച വാഹനാപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദയാത്ര സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട വാര്‍ത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചു. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്കായി പ്രാര്‍ഥിക്കുന്നതായും ഓഫീസ് അറിയിച്ചു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം സ്വദേശികളായ അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വാല്‍പ്പാറയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകരുള്‍പ്പെടെയുള്ളവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക