
ഇറാന്റെ സമ്പുഷ്ട യുറേനിയം യുഎസിനു കൈമാറുന്ന കാര്യം ഒരിക്കലും പരിഗണിച്ചിട്ടില്ലെന്നു ടെഹ്റാനിൽ വിദേശകാര്യ വകുപ്പ് വക്താവ് ഇസ്മയിൽ ബാഗെയ് വെള്ളിയാഴ്ച്ച പറഞ്ഞു. പ്രസിഡന്റ് ട്രംപ് പറഞ്ഞത് യുഎസ് ബി2 ബോംബറുകൾ 'തവിടുപൊടിയാക്കിയ ആണവ അവശിഷ്ടങ്ങൾ' ഇറാൻ യുഎസിനു കൈമാറുമെന്നാണ്.
അത് നുണയാണെന്ന് പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ഗാലിബഫ് വ്യക്തമാക്കി. "യുഎസ് പ്രസിഡന്റ് ഒരു മണിക്കൂറിൽ ഏഴു അവകാശവാദങ്ങൾ നടത്തി, ഏഴും നുണ ആയിരുന്നു. നുണ കൊണ്ട് യുദ്ധം ജയിക്കാമെന്നു അവർ കരുതി. ആ സമീപനം ചർച്ചയിൽ പോലും സഹായിക്കില്ല.
വിദേശകാര്യ വകുപ്പ് പറയുന്ന കാര്യങ്ങളാണ് വാസ്തവമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ഐആർഐബി ടെലിവിഷനിൽ ഇസ്മയിൽ ബാഗെയ് പറഞ്ഞു: "ഇറാന്റെ സമ്പുഷ്ട യുറേനിയം ഒരിടത്തേക്കും മാറ്റുന്നില്ല. അത് യുഎസിലേക്കു മാറ്റുന്ന കാര്യം ഞങ്ങൾ പരിഗണിച്ചിട്ടേയില്ല."
ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തു എന്ന ട്രംപിന്റെ പ്രസ്താവനയും ബാഗെയ് തള്ളി. "ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കു പൂർണമായി തുറന്നിരിക്കും എന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞതു വെടിനിർത്തൽ നിലവിലിരിക്കുമ്പോഴുള്ള അവസ്ഥയെ കുറിച്ചാണ്. അല്ലാതെ പുതിയൊരു നയതന്ത്ര പാത ഇറാൻ തുറന്നിട്ടില്ല."
ഹോർമുസിൽ യുഎസ് ഉപരോധം തുടർന്നാൽ ഇറാൻ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ തുടരുന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. പാക്കിസ്ഥാൻ നടത്തുന്ന ഇടപെടൽ ഇറാന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതും യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്.
ഉപരോധം തുടരുമെന്നു ട്രംപ്
ഹോർമുസിൽ യുഎസ് ഉപരോധം തുടരുമെന്ന് വെള്ളിയാഴ്ച്ച അരിസോണയിൽ വലതുപക്ഷ ടെർണിങ് പോയിന്റ് യുഎസ്എ പരിപാടിയിൽ ട്രംപ് പറഞ്ഞു. "ഹോർമുസ് തുറന്നു തന്നെയാണ് ഇരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ നാവിക സേന അവിടെ കാവലുണ്ട്.
ചർച്ചകൾ നന്നായി പോകുന്നുണ്ടെന്നു ട്രംപ് പറഞ്ഞു.
Iran says transferring enriched uranium to US never an option