
ടെഹ്റാൻ: ഇസ്രയേൽ - ലെബനൻ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പത്ത് ദിവസത്തേക്ക് തുറന്നു നൽകുമെന്ന് ഇറാൻ. വെടിനിർത്തൽ നിലനിൽക്കുന്ന കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും തടസ്സമില്ലാതെ ഇതുവഴി കടന്നുപോകാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനം ഉണ്ടായതിനെ തുടർന്നാണ് ആഗോള ഇന്ധന വിപണിയെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഈ ജലപാത തുറക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചത്.
എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അരാഗ്ചി ഇക്കാര്യം ലോകത്തെ അറിയിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് കർശന നിർദ്ദേശമുണ്ട്. മുൻ നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിക്കുന്ന കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്. അന്താരാഷ്ട്ര വാണിജ്യ രംഗത്ത് വലിയ ആശ്വാസം പകരുന്നതാണ് ഇറാന്റെ ഈ പുതിയ പ്രഖ്യാപനം.
ഇറാന്റെ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇറാന് നന്ദി അറിയിച്ചത്. "ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കുമെന്നും എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും ഇറാൻ ഇപ്പോൾ അറിയിച്ചു, നന്ദി" എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. വെടിനിർത്തൽ കരാർ പത്ത് ദിവസം പിന്നിടുമ്പോൾ ഇറാന്റെ അടുത്ത നീക്കം എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.