
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും, ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അധ്യാപകരുടെ വാദം. സംഭവദിവസം താൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് ഡോ. റാം ഹർജിയിൽ അവകാശപ്പെടുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകരെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികൾ കർണാടകയിലുണ്ടെന്നാണ് സൂചനയെങ്കിലും അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ കോളേജ് മാനേജ്മെന്റ് ഇരുവരെയും സസ്പെൻഡ് ചെയ്യുകയും ഡോ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇന്റേണൽ മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും പീഡനത്തിന് കാരണമായതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അധ്യാപകരുടെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് നിതിന്റെ കുടുംബത്തിന്റെ ആവശ്യം.