
ന്യൂഡൽഹി: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാർ ഉരുട്ടിക്കൊലചെയ്യപ്പെട്ട കേസിൽ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പ്രതികളായ നാല് ഉദ്യോഗസ്ഥരെയും വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്നും സിബിഐ അപ്പീലിൽ ആവശ്യപ്പെട്ടു. തുടർന്ന് കേസിലെ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കസ്റ്റഡിയിലെ ക്രൂരമർദനത്തെത്തുടർന്നാണ് ഉദയകുമാർ മരിച്ചത്. ഉദയകുമാറിന്റെ ശരീരത്തിൽ 22 ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രതികൾ ക്രമസമാധാനം പാലിക്കേണ്ട ഉദ്യോഗസ്ഥരാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അവർക്ക് ശിക്ഷ അനിവാര്യമാണെന്നും സിബിഐ ചൂണ്ടിക്കാട്ടി. നേരത്തെ വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇത് റദ്ദാക്കുകയായിരുന്നു.
2005 സെപ്റ്റംബർ 23-നാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തുടയിൽ ഉരുട്ടിയും മറ്റുമായിരുന്നു മർദനം. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും ഹൈക്കോടതി വെറുതെ വിട്ടത് വലിയ വാർത്തയായിരുന്നു. സിബിഐയുടെ പുതിയ നീക്കം ഉദയകുമാറിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.