Image

വയനാട് പുനരധിവാസം: 799 കോടി രൂപയുടെ വിനിയോഗം; കണക്കുകൾ വ്യക്തമാക്കി സർക്കാർ

Published on 17 April, 2026
വയനാട് പുനരധിവാസം: 799 കോടി രൂപയുടെ വിനിയോഗം; കണക്കുകൾ വ്യക്തമാക്കി സർക്കാർ

​കോഴിക്കോട്: വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. സംസ്ഥാന ദുരന്തനിവാരണ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കേന്ദ്ര സഹായം എന്നിവയുൾപ്പെടെ വലിയൊരു തുകയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 102.59 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 167.12 കോടി രൂപയുമാണ് ഇതുവരെ അനുവദിച്ചത്. കൂടാതെ, കേന്ദ്ര സർക്കാർ 50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ വായ്പയായി അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

​പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിനാണ് പ്രധാനമായും തുക ചെലവഴിക്കുന്നത്. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 43.56 കോടി രൂപ ചെലവായി. ആകെ 299 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൗൺഷിപ്പ് നിർമ്മാണത്തിനായി കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആദ്യഘഡുവായി 80 കോടി രൂപ കൈമാറി. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് വിനിയോഗം വേഗത്തിലാക്കിയത്.

​നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ ദുരന്തബാധിതരുടെ ദൈനംദിന ആവശ്യങ്ങൾക്കും സർക്കാർ തുക അനുവദിക്കുന്നുണ്ട്. താൽക്കാലികമായി മാറിതാമസിക്കുന്ന കുടുംബങ്ങൾക്ക് നൽകുന്ന വാടക, ദിനബത്ത എന്നിവയ്ക്കായാണ് മറ്റ് പ്രധാന ചെലവുകൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിലവിലുള്ള 773 കോടി രൂപയിൽ നിന്നാണ് പുനരധിവാസത്തിനായി 167.12 കോടി രൂപ അനുവദിച്ചത്. കൃത്യമായ പ്ലാനിങ്ങിലൂടെ ദുരന്തബാധിതരെ എത്രയും വേഗം സ്ഥിരമായ താമസസ്ഥലങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക