Image

ഐസിയു പ്രവർത്തിക്കുന്നത് തുണികെട്ടി മറച്ച താത്കാലിക വാർഡിൽ, മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം; തീപിടിത്തം കഴിഞ്ഞ് മാസമായിട്ടും എങ്ങുമെത്താതെ പുനരുദ്ധാരണം

Published on 17 April, 2026
ഐസിയു പ്രവർത്തിക്കുന്നത് തുണികെട്ടി മറച്ച താത്കാലിക വാർഡിൽ, മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം; തീപിടിത്തം കഴിഞ്ഞ് മാസമായിട്ടും എങ്ങുമെത്താതെ പുനരുദ്ധാരണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിന് ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനസജ്ജമാക്കാത്തതിനെത്തുടർന്ന് ചികിത്സാ സംവിധാനങ്ങൾ താറുമാറാകുന്നു. ഐസിയു, വെന്റിലേറ്റർ ബെഡുകളുടെ കടുത്ത ക്ഷാമം മൂലം ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി. മാർച്ച് 17-നുണ്ടായ തീപിടിത്തത്തെത്തുടർന്ന് 32 ഐസിയു ബെഡുകളാണ് ഒഴിവാക്കേണ്ടി വന്നത്. നിലവിൽ തുണികെട്ടി മറച്ച താത്കാലിക വാർഡുകളിലാണ് തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചികിത്സയെ ബാധിക്കുന്നതായും പരാതിയുണ്ട്.

​അടിസ്ഥാന സുരക്ഷാ പരിശോധനകളും ക്ലിയറൻസുകളും വൈകുന്നതാണ് ഐസിയു തുറക്കാൻ തടസ്സമാകുന്നത്. പി.ഡബ്ല്യു.ഡി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ അനുമതി ലഭിക്കാത്തതും യു.പി.എസ് പരിശോധന പൂർത്തിയാകാത്തതും നവീകരണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കാഷ്വാലിറ്റിയിൽ എത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ഐസിയു ബെഡുകൾ നൽകാൻ കഴിയാത്തത് മെഡിക്കൽ കോളേജിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ രോഗികളുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണെന്നാണ് അധികൃതർ നൽകുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക