
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ 'ഇൻസ്റ്റാ പേ' എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നിതിനെ നിരന്തരം ഭയപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 15,000 രൂപയാണ് നിതിൻ ആപ്പിൽ നിന്നും വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ വിദ്യാർത്ഥിയുടെ അധ്യാപികയായ ലതയുടെ ഫോണിലേക്ക് ആപ്പ് അധികൃതർ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമായത്.
അധ്യാപികയുടെ പരാതിയെത്തുടർന്ന് നിതിനെ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. ആത്മഹത്യയിൽ ലോൺ ആപ്പിന് നേരിട്ട് പങ്കുണ്ടെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം അധ്യാപിക ലത സൈബറ്‍ സെല്ലിന് നൽകിയ പരാതി ചക്കരക്കൽ പോലീസിന് കൈമാറിയതോടെയാണ് ആപ്പിനെതിരെ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്.
ലോൺ ആപ്പ് ഭീഷണിക്ക് പുറമെ കോളേജിലെ അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനവും നിതിന്റെ ആത്മഹത്യയ്ക്ക് കാരണമായതായി കുടുംബം ആരോപിക്കുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം, സംഗീത എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇവർ നിലവിൽ ഒളിവിലാണ്. ജാതിയുടെയും നിറത്തിന്റെയും പേരിൽ റാം തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി നിതിൻ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് റാമിനെ കോളേജ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
നിതിന്റെ മരണവിവരം അറിയിക്കുന്നതിൽ കോളേജ് അധികൃതർ വീഴ്ച വരുത്തിയതായും കുടുംബത്തിന് പരാതിയുണ്ട്. ഏപ്രിൽ പത്തിന് നടന്ന സംഭവത്തിൽ കുട്ടിക്ക് അപകടം പറ്റിയെന്ന് മാത്രമാണ് ആദ്യം അറിയിച്ചത്. വാർത്തകൾ കണ്ട ശേഷമാണ് മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്. നിലവിൽ കേസന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാമെന്ന് മാനേജ്‌മെന്റ് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കോളേജിൽ ക്ലാസുകൾ പുനരാരംഭിക്കാനും പിടിഎ യോഗം വിളിക്കാനും മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ ധാരണയായി.