Image

കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ യുവാവ് പോലീസ് പിടിയിൽ

Published on 17 April, 2026
കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ യുവാവ് പോലീസ് പിടിയിൽ

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയിൽ കുടുംബ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മൈക്കിൾ സിറ്റി കല്ലുമാലിക്കൽ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.30-ഓടെ രാജന്റെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തടിപ്പണിക്കാരനാണ് കൊല്ലപ്പെട്ട രാജൻ.

​കുടുംബപരമായ ചില തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് പ്രതിയായ അനൂപ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനൂപ് രാജനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ഞിക്കുഴിയിലെ ഒരു ചിക്കൻ സെന്ററിലെ ജീവനക്കാരനാണ് പിടിയിലായ അനൂപ്.

​കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക