Image

2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍; പാർലമെന്റിൽ തർക്കം

Published on 17 April, 2026
2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍; പാർലമെന്റിൽ തർക്കം

ഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷമില്ലാതെ എൻഡിഎ സർക്കാർ പ്രതിസന്ധിയിൽ. ഇതിനിടയിൽ, 33 ശതമാനം വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന 2023 ലെ നിയമം (106-ാം ഭരണഘടനാ ഭേദഗതി) പ്രാബല്യത്തിൽ വന്നതായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

2023 സെപ്റ്റംബർ 28 ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയ ഭേദഗതി നിയമം, 2026 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നിയമ- നീതി മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. ലോക്സഭയിൽ 2026 ലെ പുതുക്കിയ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ എന്തിനാണ് പെട്ടെന്ന് ഈ വിജ്ഞാപനം ഇറക്കിയതെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല. എന്നാൽ, പുതിയ ഭേദഗതി ബിൽ പരാജയപ്പെട്ടാൽ 2023 ലെ നിയമം എങ്ങനെയെങ്കിലും സംരക്ഷിക്കാനുള്ള സർക്കാരിന്റെ അറ്റകൈ പ്രയോഗമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു.

2023-ലെ ഭരണഘടനാ നിയമത്തിലെ ഒന്നാം വകുപ്പ് രണ്ടാം ഉപവകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് 2026 ഏപ്രിൽ 16 മുതൽ നിയമത്തിലെ വ്യവസ്ഥകൾ നിലവിൽ വന്നതായി കേന്ദ്രം അറിയിച്ചു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ഈ നിയമം.

2023-ൽ നിയമം പാസാക്കിയെങ്കിലും സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇതുപ്രകാരം 2034-ഓടെ മാത്രമേ സംവരണം യാഥാർത്ഥ്യമാകൂ എന്ന സാഹചര്യം നിലനിന്നിരുന്നു. എന്നാൽ, ഈ കടമ്പകൾ ഒഴിവാക്കി 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി പാർലമെന്റിൽ ഭേദഗതി ബില്ലിന്മേൽ ചർച്ചകൾ നടക്കുന്നതിനിടെ പഴയ നിയമം വിജ്ഞാപനം ചെയ്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസ് എംപി മനീഷ് തിവാരി നീക്കത്തെ രൂക്ഷമായി വിമർശിച്ചു. ഒരു ബിൽ മറ്റൊരു ബില്ലിനെ ആശ്രയിച്ചിരിക്കുമ്പോൾ, പ്രധാന ബിൽ പരാജയപ്പെട്ടാൽ മറ്റേതും അസാധുവാകുമെന്ന ചട്ടം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചട്ടം സസ്പെൻഡ് ചെയ്തുകൊണ്ട് വിജ്ഞാപനം ഇറക്കിയത് 131-ാം ഭേദഗതി പരാജയപ്പെട്ടാലും പഴയ നിയമം നിലനിർത്താനാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്‌സഭയിൽ പാസാകുന്നതിൽ പരാജയപ്പെടുമോ എന്ന സർക്കാരിന്റെ ആശങ്കയുടെ സൂചനയാണ് നീക്കമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ബില്ലുകൾ വെള്ളിയാഴ്ച ലോക്‌സഭയിൽ വോട്ടിനിടും. 

അതേസമയം, ഭരണഘടനാ ഭേദഗതി പാസാക്കാൻ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇത് സഭയുടെ ആകെ അംഗബലത്തിന്റെ പകുതിയിൽ താഴെയാകാനും പാടില്ല.  നിലവിൽ 540 അംഗങ്ങളുള്ള ലോക്സഭയിൽ ഇതിനായി 360 വോട്ടുകൾ വേണം. ഭരണപക്ഷത്തിന് 293 അംഗങ്ങൾ മാത്രമാണുള്ളത്. അതായത് ഭൂരിപക്ഷത്തിന് 67 അംഗങ്ങളുടെ കുറവുണ്ട്. വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നാൽ മാത്രമേ ഈ കടമ്പ കടക്കാൻ സർക്കാരിന് സാധിക്കൂ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക