
പ്രമുഖനായ പത്രപ്രവർത്തകൻ ടി. വി. ആർ. ഷേണായ് വിടവാങ്ങിയിട്ടു എട്ടു വർഷം...
പത്രപ്രവർത്തകനെന്നനിലയിലും കോളമിസ്റ്റ് എന്ന നിലയിലും കേരളത്തിൻ്റെയും മലയാളത്തിൻ്റെയും അതിരുകൾക്കു മേലെ പേരും പെരുമയും നേടിയ കേരളയീയനാണ് ടി. വി. ആർ. ഷേണായ്.
'ഇന്ത്യൻ എക്സ്പ്രസ്സ്', 'മലയാള മനോരമ', 'ദ് വീക്ക്', 'സൺഡേ മെയിൽ' തുടങ്ങിയ പത്ര- ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വിവിധ കാലങ്ങളിലായി ഉന്നതസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മരിക്കുമ്പോൾ മണിപ്പാൽ അക്കാദമി ഡയറക്ടറുമായിരുന്നു ടി.വി.ആർ. ഷേണായ്.
എറണാകുളം ജില്ലയിലെ ചെറായി എന്ന ഗ്രാമത്തിൽ വിട്ടപ്പ ഷേണായിയുടേയും സുനീതാ ബായിയുടേയും മകനായി 1941 ജൂൺ 10-നാണ് ഷേണായി ജനിച്ചത്. (ചെറായിയിലെ വരാഹ ക്ഷേത്രത്തിന്റെ വടക്ക വശത്തുള്ള ഇവരുടെ ആ പഴയ വീട് അതിമനോഹരമായിരുന്നു. തേക്കും ഈട്ടിയും ഉപയോഗിച്ചുള്ള തടിപ്പണിയോടുകൂടിയ മൂല്യമേറിയ ഒരു പ്രാചീന ഗൃഹം.)
ആദ്യവർഷങ്ങളിൽ പഠനം വീട്ടിൽ വെച്ചു തന്നെയായിരുന്നു. ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നാണ് ഔദ്യോഗികവിദ്യാഭ്യാസം തുടങ്ങിവെച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ. ബിരുദമെടുത്തു. അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു ഏ.കെ. ആന്റണി. 1957-ൽ ഷേണായി മഹാരാജാസ് കോളേജ് യൂണിയൻ സെക്രട്ടറിയായി. എറണാകുളത്തെ തുടർന്ന് ബോംബേ സർവ്വകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. പഠനശേഷം മുംബൈയിൽ വെച്ചുതന്നെ പത്രപ്രസാധനരംഗത്തേക്ക് കാലെടുത്തുവെച്ചു.
മുംബൈയിൽ ഇന്ത്യൻ എക്സ്പ്രസിൽ പത്രപ്രവർത്തകനായിരിക്കേ 1965-ൽ 'മലയാള മനോരമ'യുടെ ഡൽഹി ലേഖകനായി. മലയാള മനോരമയിൽ കാൽനൂറ്റാണ്ടു കാലം പ്രവർത്തിച്ച ടി. വി. ആർ. ഷേണായ് പിന്നീടു 1984 വരെ പത്രത്തിന്റെ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ആയും തുടർന്ന് 'ദ് വീക്ക്' വാരികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു.
1990-ൽ മലയാള മനോരമയിൽ നിന്നു പിരിഞ്ഞ ശേഷം 'സൺഡേ മെയിൽ' പത്രത്തിന്റെ ചീഫ് എഡിറ്ററായി. പിന്നീടു സ്വതന്ത്ര പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞ ഷേണായിയുടെ പംക്തി ‘ബിറ്റ്‌വീൻ യു ആൻഡ് മീ’ വളരെ ജനപ്രീതി നേടി.... വിദേശപത്രങ്ങളടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടോളം സജീവ പത്രപ്രവർത്തകനായിരുന്ന ഷേണായ് മികച്ച പ്രഭാഷകനുമായിരുന്നു. അനുപമമായ ആഖ്യാന ശൈലിയും ഭാഷയിലുള്ള അനിതര സാധാരണമായ പ്രാവീണ്യവും തികഞ്ഞ നർമബോധവും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടു നിർത്തി.
2003-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു... മൊറോക്കോ രാജാവിന്റെ പരമോന്നത ബഹുമതിയായ 'അലാവിറ്റ കമാൻഡർ വിസ്ഡം' ലഭിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ സരോജം; മകൻ അജിത്ത്; മകൾ സുജാത ഷേണായി.
2018 ഏപ്രിൽ 17-ന് മംഗലാപുരത്തിനടുത്ത് മണിപ്പാലിലെ കസ്തൂർബ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
ടി.വി.ആർ. ഷേണായിയുടെ അഞ്ചാം ചരമ വാർഷിക ദിനത്തിന് ഏഴു ദിവസം മുമ്പ്, 2023 ഏപ്രിൽ 11-ന്, ഭാര്യ സരോജ ഷേണായി ഡൽഹിയിൽ അന്തരിച്ചു. എറണാകുളം 1960-കളിൽ മഹാരാജാസിലെ സഹപാഠികളായിരുന്നു ടി.വി.ആർ. ഷേണായിയും സരോജയും. ഇവർ ഇരുവരും പല വർഷങ്ങളിലും ഒല്ലൂർ തൈക്കാട്ടുശ്ശേരി ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ചികിത്സക്ക് വന്നിരുന്നു.... അവിടെയുള്ള ഒരു ഡോക്ടർ (Anil V Kaimal ) ഇവരുടെ സ്നേഹവും സൗഹൃദവും എന്നോട് പറഞ്ഞ ഓർമ്മകളുണ്ട്.....