
ടെക്സസിൽ കോടതി ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജ മീനു ബത്രയെ ഐസ് ഏജന്റുമാർ എന്നു കരുതപ്പെടുന്നവർ അറസ്റ്റ് ചെയ്തു. നാലു കുട്ടികൾക്ക് ഏക ആശ്രയമായ അമ്മയാണ് 53 വയസുള്ള ബത്ര.
ഇരുപതു വർഷമായി ടെക്സസ് കോടതിയിൽ ഹിന്ദി-പഞ്ചാബി-ഉർദു പരിഭാഷയ്ക്കു ലൈസൻസുള്ള ബത്ര രാജ്യത്തു അനധികൃതമായാണ് ജീവിക്കുന്നതെന്നു ആരോപിച്ചാണ് യൂണിഫോമോ ബാഡ്‌ജോ ഇല്ലാത്ത ചിലർ ചേർന്ന് അവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലേക്ക് അയക്കാൻ നിയമതടസം ഉള്ളതു കൊണ്ട് അവരെ മറ്റേതെങ്കിലും രാജ്യത്തേക്ക് അയക്കാനാണ് സാധ്യത.
മിൽവോക്കിയിൽ ഒരു കേസിൽ സഹായിക്കാൻ പറക്കാനായി ഹാർലിംഗ്ടൺ എയർപോർട്ടിൽ എത്തിയപ്പോഴാണ് മാർച്ച് 17നു ബത്രയെ അറസ്റ്റ് ചെയ്തത്. മോചനം ആവശ്യപ്പെട്ടു കോടതിയിൽ നൽകിയ അപേക്ഷയിൽ, അറസ്റ്റ് ചെയ്തവർക്കു യൂണിഫോമോ ബാഡ്‌ജോ ഉണ്ടായിരുന്നില്ലെന്ന് ബത്ര ചൂണ്ടിക്കാട്ടുന്നു.
ബത്ര നിയമവിരുദ്ധമായാണ് യുഎസിൽ കഴിയുന്നതെന്ന് അവർ ആരോപിച്ചു. വർക് പെർമിറ്റ് നാലു വർഷത്തേക്കു കൂടി ഉണ്ടെന്നു അറിയിച്ചിട്ടും അവർ വഴങ്ങിയില്ല. നാടു കടത്താൻ ഉത്തരവുണ്ടെന്നാണ് അവർ വാദിച്ചത്.
അത്തരമൊരു ഉത്തരവ് വർഷങ്ങൾക്കു മുൻപ് മരവിപ്പിച്ച ന്യൂ ജേഴ്‌സി ഇമിഗ്രെഷൻ കോടതിയുടെ നാടുകടത്തൽ തടയുന്ന (Withholding of removal) ഉത്തരവ് ഉണ്ടെന്ന തന്റെ വാദം അവർ അവഗണിച്ചു എന്നാണ് ബത്ര കോടതിയിൽ ബോധിപ്പിച്ചത്. തിരിച്ചയച്ചാൽ അപകടം നേരിടും എന്ന അടിസ്ഥാനത്തിലുള്ള അപേക്ഷയിൽ ഉണ്ടാവുന്ന ആ ഉത്തരവ് നിലവിലുള്ളപ്പോൾ അവരെ ഇന്ത്യയിലേക്ക് അയക്കാനാവില്ല.
റെയ്മൺഡ്‌സ്‌വില്ലിനു പുറത്തു എൽ വാലി തടവറയിലാണ് ബത്രയെ അടച്ചിട്ടുള്ളത്. ഡിസംബറിൽ ശസ്ത്രക്രിയ നടത്തിയതിനാൽ മരുന്നുകൾ ആവശ്യമുണ്ടെങ്കിലും അവ ലഭ്യമല്ല.
ICE arrests Indian single mother of 4