Image

യുഎസ് വ്യോമ കരുത്തിനു കനത്ത അടിയേറ്റെന്നു വിലയിരുത്തൽ; ഇറാന്റെ പ്രഹരശേഷി തെളിഞ്ഞു (പിപിഎം)

Published on 16 April, 2026
 യുഎസ് വ്യോമ കരുത്തിനു കനത്ത അടിയേറ്റെന്നു വിലയിരുത്തൽ; ഇറാന്റെ പ്രഹരശേഷി തെളിഞ്ഞു (പിപിഎം)

ഇറാനുമായുള്ള 40 ദിവസത്തിലേറെ നീണ്ട യുദ്ധത്തിൽ യുഎസിനു കനത്ത നാശം സംഭവിച്ചിട്ടുണ്ടെന്നു റിപ്പോർട്ട്. 39 സൈനിക വിമാനങ്ങൾ ഉൾപ്പെടെയാണു നഷ്ടപ്പെട്ടത്. ആദ്യ ആറു ദിവസം കൊണ്ടു തന്നെ മൊത്തം $1.4 ബില്യന്റെ നഷ്ടമാണ് ഉണ്ടായതെന്നു സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് നടത്തിയ പഠനം പറയുന്നു.

ഫെബ്രുവരി 28നു ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി'യിൽ യുഎസ് സേനയുടെ വ്യോമ കരുത്തു പൂർണമായും പ്രകടമായിരുന്നു. 13,000 ലക്ഷ്യങ്ങൾ തകർത്തു; അതിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളും നിർണായക സംവിധാനങ്ങളും ഉൾപ്പെടുന്നു.

എന്നാൽ യുഎസിനു നഷ്ടമായതിൽ ഏറ്റവും വിലപിടിച്ച വ്യോമാക്രമണ സംവിധാനങ്ങളിൽ ഉൾപ്പെട്ട ട്രൈറ്റോൺ ഡ്രോണുകളും അവാക്‌സ്, എഫ്-35 ജെറ്റുകളും ഉൾപ്പെടുന്നു.

ഏപ്രിൽ മധ്യത്തോടെ 39 വിമാനങ്ങൾ നഷ്ടമായിരുന്നു. മറ്റൊരു പത്തെണ്ണം കേടായി. 24 എംക്യൂ-9 റീപ്പർ ഡ്രോണുകൾ ഇറാൻ അടിച്ചു വീഴ്ത്തി. അവയുടെ നഷ്ടം തന്നെ $720 മില്യൺ വരുമെന്നു സി ബി എസ് ന്യൂസ് പറഞ്ഞു.

ലിബിയയിലും ഇറാഖിലും നടന്ന ഉഗ്രയുദ്ധങ്ങളെക്കാൾ വലിയ നഷ്ടം ഇറാനിൽ സംഭവിച്ചതിനു നിരീക്ഷകർ പറയുന്ന വിശദീകരണം ഒന്നു മാത്രം: ഇറാന്റെ മെച്ചപ്പെട്ട കരുത്ത്.

ട്രൈറ്റോൺ ഡ്രോൺ ഒന്നിനു വില 200 മുതൽ 240 മില്യൺ വരെ ഡോളറാണ്.

എണ്ണമെടുത്താൽ ഏറ്റവുമധികം നഷ്ടമായത് എംക്യൂ-9 റീപ്പർ ഡ്രോണുകളാണ്. വ്യോമാക്രമണത്തിൽ യുഎസിന്റെ നട്ടെല്ലാവുന്ന ഡ്രോണുകൾ ഒന്നിനു $30 മില്യൺ വിലയുണ്ട്. 24 എണ്ണമാണ് ഇറാൻ അടിച്ചിട്ടത്.

ആർക്കും വീഴ്ത്താൻ കഴിയാത്ത വിമാനമെന്നു യുഎസ് പെരുമ്പറയടിക്കുന്ന എഫ്-35 ലൈറ്നിങ് 2 ഇറാന്റെ വെടിയേറ്റു വീണതായി മാർച്ച് 19നു സി എൻ എൻ റിപ്പോർട്ട് ചെയ്തു. $100 മില്യനാണ് ഒരെണ്ണത്തിനു വില. എഫ്-35 അടിച്ചു വീഴ്ത്തുന്നത് ഇതാദ്യമാണ്.

സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾക്കും അടികൊണ്ടു. മാർച്ച് 1 രാത്രി കുവൈറ്റിനു മീതെ എഫ്-15 ഇ മൂന്നെണ്ണമാണ് വീഴ്ത്തിയത്. ഏപ്രിൽ 3നു പടിഞ്ഞാറൻ ഇറാനിൽ മറ്റൊന്നും.

US suffers major loss of air power 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക