Image

റിപ്പബ്ലിക്കൻ കോൺഗ്രസ്‌ പാർട്ടി ഉദ്ഘാടനം ചെയ്തു

Published on 16 April, 2026
റിപ്പബ്ലിക്കൻ കോൺഗ്രസ്‌ പാർട്ടി ഉദ്ഘാടനം ചെയ്തു

 

രാജ്യത്ത് ദാരിദ്ര്യ നിർമാർജ്ജനം നടപ്പിലാക്കുവാൻ, ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുക എന്നതാണ് പാർട്ടിയുടെ ഒന്നാമത്തെ ലക്ഷ്യം

 

ന്യൂഡൽഹി :  റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയതല ഉദ്ഘാടനം ഡോ. ബി.ആർ അംബേദ്കറിന്റെ 136)-മത് ജന്മദിനമായ ഏപ്രിൽ  14 ന് ഡെൽഹി വൈ.ഡബ്ല്യൂ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം ദേശീയ - സംസ്ഥാന -ജില്ലാ കോർഡിനേറ്റർ മാരും പങ്കെടുത്ത സമ്മേളനം റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് ഉത്‌ഘാടനം ചെയ്തു.

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിൽ നിയമങ്ങളുടെ പരിണിതഫലം മൂലം അൻപത് കോടിയോളം പൗരൻമാർ തൊഴിൽ ഇല്ലാതെ രാജ്യത്ത് ദുരിതം അനുഭവിക്കുകയാണ്. കൂടാതെ, മതിയായ ആഹാരവും കിടപ്പാടവുമില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നു. വഴിയോരങ്ങളിൽ അന്തിയുറങ്ങി ജീവിക്കുന്ന ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളടക്കം, രാജ്യത്തെ 142 കോടി ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ട് കേവലം ഒന്നേമുക്കാൽ കോടിയോളം വരുന്ന കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന തെറ്റായ തൊഴിൽ നയമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 

സർക്കാർ മേഖലയിലോ സ്വകാര്യ മേഖലകളിലോ അൻപത് കോടിയോളം മനുഷ്യർ യാതൊരു തൊഴിലും ഇല്ലാതെ ദാരിദ്ര്യത്തിലും ദുരന്തങ്ങളിലും ജീവിക്കുമ്പോഴാണ്, ഈ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നികുതിപ്പണംകൊണ്ട് കേവലം ഒന്നേമുക്കാൽ കോടി കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർക്കുവേണ്ടി മാത്രം ഖജനാവുകൾ കാലിയാക്കുന്നത്. ഇത് കടുത്ത അനീതിയും വഞ്ചനയുമാണ്.

എൺപത് വർഷക്കാലം കേന്ദ്രവും സംസ്ഥാനങ്ങളും മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയുള്ള ദേശീയ ജനകീയ മുന്നേറ്റമാണ് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി.

ഒരു വീട്ടിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതായത്, രാജ്യത്തെ മുപ്പത്തിയഞ്ച് കോടിയോളം വരുന്ന കുടുoബങ്ങളിലെ മുപ്പത്തിയഞ്ചുകോടി തൊഴിൽ രഹിതർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള തൊഴിൽ കൊടുക്കുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതിനു തയ്യാറാകാത്ത ഭരണകൂടങ്ങളെ അധികാരത്തിൽ നിന്നും പുറത്താക്കുവാൻ രാജ്യത്തുള്ള മുഴുവൻ ജനങ്ങളും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നമ്മുടെ ചുറ്റുവട്ടം മരിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ കരച്ചിൽ കേൾക്കാതെ, തൊഴിൽ ഇല്ലാതെ ദാരിദ്ര്യത്തിൽ ജീവിക്കുന്ന കോടിക്കണക്കിന് കുടുംബങ്ങളുടെ ദീന രോദനങ്ങൾ കേൾക്കാതെ, കഷ്ടപ്പെട്ട് പഠിച്ചിട്ടും ജോലിയില്ലാതെ വിഷമിച്ചുനടക്കുന്ന കോടിക്കണക്കിന് യുവജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മനസ്സിലാക്കാതെ, കേവലം ഒന്നേമുക്കാൽ കോടി കേന്ദ്ര -സംസ്ഥാന ജീവനക്കാർക്കുവേണ്ടി മാത്രം 140 കോടി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന  തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയാണ്, രാജ്യത്തുള്ള തൊഴിൽ രഹിതരെയെല്ലാം അണിനിരത്തിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി  തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ, നിലവിലുള്ള സർക്കാരുകളെ പുറത്താക്കാനുള്ള ശക്തി ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിൽ രഹിതർക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടെന്ന്, രാജ്യത്തെ മുഴുവൻ ഭരണാധികാരികളേയും ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകളും സമരങ്ങളും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി വരും ദിനങ്ങളിൽ സംഘടിപ്പിക്കും.  

പാർട്ടിയുടെ രെജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചു. രെജിസ്ട്രേഷനും പാർട്ടി ചിഹ്നവും ലഭിച്ചതിനുശേഷം, രാജ്യത്ത് നടക്കുന്ന എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കും. കഴിഞ്ഞ എൺപത് വർഷക്കാലം രാജ്യം ഭരിച്ചിട്ടും കോടിക്കണക്കിന് ജനങ്ങളുടെ പട്ടിണി മാറ്റുവാൻ കഴിയാത്ത രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം  അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനുള്ള രാഷ്ട്രീയ പോരാട്ടങ്ങൾക്ക് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കുകയാണ്. കേവലം പത്ത് വർഷങ്ങൾക്കൊണ്ട് ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുന്ന കർമ്മ പദ്ധതികളുമായിട്ടായിരിക്കും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി മത്സര രംഗത്തേക്ക് വരുന്നത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും, ഏഴായിരത്തോളം ബ്ലോക്ക് -ജില്ലാ -സംസ്ഥാന -ദേശീയ -അന്താരാഷ്ട്ര കോർഡിനേറ്റർമാര ഇതിനകം നിയമിച്ചു കഴിഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോർഡിനറ്റർമ്മാരെ രാജ്യവ്യാപകമായി നിയമിക്കുവാനുള്ള പ്രവർത്തങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ മെമ്പർഷിപ്പ് വിതരണം 2027 ഓഗസ്റ്റ് 15 ന് എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കും. പാർട്ടിയുടെ കോർഡിനേറ്റർമ്മാരായി പ്രവർത്തിക്കുവാൻ താത്പര്യം ഉള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക