Image

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു; നില ഗുരുതരം

Published on 16 April, 2026
ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു; നില ഗുരുതരം

ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസയ്ക്ക് നേരേ ലാഹോറിൽ വെച്ച് വെടിയേറ്റു. അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഹംസയുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലാഹോറിലെ ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ അക്രമി ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൃത്യം നിർവഹിച്ച ശേഷം അക്രമി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിലും അമീർ ഹംസയ്ക്ക് ഇത്തരത്തിൽ പരിക്കേറ്റതായി വാർത്തകൾ വന്നിരുന്നു. അന്ന് വീട്ടിൽ വെച്ചുണ്ടായ അപകടമാണെന്ന് അധികൃതർ വിശദീകരിച്ചിരുന്നെങ്കിലും വെടിയേറ്റതാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ലഷ്‌കർ-ഇ-തൊയ്ബയുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച 17 പേരിൽ ഒരാളാണ് അമീർ ഹംസ. സംഘടനയുടെ പ്രചാരകൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാൾ തീവ്രപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ലഷ്‌കറിനായി ഫണ്ട് ശേഖരിക്കുന്നതിലും തടവിലാക്കപ്പെട്ട ഭീകരരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിലും ഇയാൾ സജീവമായിരുന്നു.

2018-ൽ സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ലഷ്‌കർ നേതൃത്വവുമായി അകന്ന അമീർ ഹംസ, ‘ജെയ്‌ഷെ മൻഫാഖ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചിരുന്നു. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ഈ സംഘടന വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പുതിയ സംഘടനയുണ്ടാക്കിയെങ്കിലും ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് വിവരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക