
ഇറാൻ യുദ്ധത്തിൽ ഒത്തുതീർപ്പു വൈകില്ല എന്ന പ്രതീക്ഷ ഉണർന്നതോടെ വോൾ സ്ട്രീറ്റിൽ സ്റ്റോക്കുകൾ കുതിച്ചുയർന്നു റെക്കോർഡിട്ടു. എസ്&പി 500 ബുധനാഴ്ച്ച സൃഷ്ടിച്ച റെക്കോർഡ് നിക്ഷേപകരുടെ വിശ്വാസം പ്രകടമാക്കി. ജനുവരിക്കു ശേഷം യുഎസ് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം പ്രകടമാക്കുന്ന ഇൻഡക്‌സ് ഇത്രയും ഉയരുന്നത് ഇപ്പോഴാണ്.
യുദ്ധം ആരംഭിക്കുന്നതിനു മുൻപുള്ള നിലവാരത്തിൽ നിന്നു 2% ഉയർന്നാണ് ഇൻഡക്‌സ് നിൽക്കുന്നത്. നഷ്ടങ്ങളെല്ലാം നികത്തിയതായി കാണുന്നു.
ചർച്ചകൾക്കു ശ്രമം നടക്കുമ്പോൾ യുദ്ധം അവസാനിക്കാറായി എന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞതാണ് സ്റ്റോക്ക് മാർക്കറ്റുകൾക്കു ഉത്തേജനമായത്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നു എന്ന വിലയിരുത്തൽ ഉണ്ടായി.
എസ്&പി തുടർച്ചയായ നേട്ടത്തിന്റെ മൂന്നാം വാരത്തിലേക്കാണ് പ്രവേശിക്കുന്നത്. മാർച്ച് 30നു ശേഷം 10% കൂടി.
എന്നാൽ ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുമ്പോൾ ഉണ്ടായ ഈ കുതിപ്പ് പലർക്കും വിസ്മയവുമായി. സമാധാന കരാർ ഉണ്ടായാലും ഹോർമുസ് തുറന്നു കപ്പൽ ഗതാഗതം സാധാരണ നിലയിലാവാൻ സമയമെടുക്കും.
എണ്ണ-വാതക വിലകൾ ഉയരുന്നത് യുഎസ് പണപ്പെരുപ്പത്തിനു കാരണമായിട്ടുണ്ട്. എണ്ണ വിപണികളിലെ മാന്ദ്യം വളർച്ചയെ തടയുകയും വിലക്കയറ്റം ഉണ്ടാക്കുകയും മാത്രമല്ല, ആഗോള മാന്ദ്യം വരെ സൃഷ്ടിക്കാമെന്നു ഐ എം എഫ് ചൊവാഴ്ച്ച പറഞ്ഞിരുന്നു. യുദ്ധം നീണ്ടു നിന്നില്ലെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് അടിയേറ്റിട്ടുണ്ടെന്നു അവർ വിലയിരുത്തുന്നു.
Stock markets in US see record leap