
ചെന്നൈ: മണ്ഡല പുനർനിർണയത്തിനെതിരെ ടിവികെ നേതാവും നടനുമായ വിജയ് രംഗത്ത്. ഈ നടപടി നയരൂപീകരണം സംബന്ധിച്ച കാര്യങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്നും ധനകാര്യ വികേന്ദ്രീകരണത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിജയ് പറഞ്ഞു. സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുന്ന നടപടിയെ താൻ പിന്തുണയ്ക്കുകയാണ്. എന്നാൽ മണ്ഡലപുനർനിർണയം അസമത്വം വർധിപ്പിക്കുമെന്നും വിജയ് പറഞ്ഞു.
മണ്ഡലപുനർനിർണയം സംഭവിച്ചാൽ, ഭാഷ, സംസ്കാരം, സംസ്ഥാന അവകാശങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ നടപ്പിലാക്കുന്നത് മുതൽ കേന്ദ്ര സർക്കാർ നയങ്ങൾ രൂപീകരിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയും. അതേസമയം വടക്കൻ സംസ്ഥാനങ്ങളുടേത് വർധിക്കും. തത്ഫലമായി, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിൽ കേൾക്കപ്പെടാതെ പോയേക്കാം. ഇത് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒരു പക്ഷപാതപരമായ നടപടിയാണ് എന്ന് വിജയ് പറഞ്ഞു.