
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. മരണത്തിൽ അധ്യാപകർക്കെതിരെ നടപടി ശക്തമാകുമ്പോൾ, കോളജ് മാനേജ്‌മെന്റും അന്വേഷണ നിഴലിലാകുകയാണ്. പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളജിന്റെ ഉടമകൾക്കെതിരെ ഭൂമി കയ്യേറ്റം, വ്യാജരേഖ ചമയ്ക്കൽ, അനധികൃത പണമിടപാട് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
ട്രസ്റ്റ് ചെയർമാൻ എം.എ. അബ്ദുൾ ജബ്ബാർ ഹാജി, മകൻ ജാബിർ ജബ്ബാർ, മകൾ എസ്.വി. സമീറ തുടങ്ങിയവർ ഉൾപ്പെട്ടതാണ് കോളജ് ഭരണസമിതി. അഞ്ചരക്കണ്ടിയിലെ കറുവത്തോട്ടം അനധികൃതമായി കയ്യേറിയെന്നും പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചെന്നും കാണിച്ച് ഇവർക്കെതിരെ സിവിൽ കേസുകളുണ്ട്. ഇതിനുപുറമെ വിദേശ കറൻസി ഇടപാടുകളും കോഴ വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ട്രസ്റ്റിനെതിരെയുള്ള ആരോപണങ്ങളിൽ ഉൾപ്പെടുന്നു. നേരത്തെ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളജുകൾ അടക്കം വലിയൊരു വിദ്യാഭ്യാസ ശൃംഖല ഉണ്ടായിരുന്നെങ്കിലും പലതും ക്രമക്കേടുകളെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു.
നിലവിൽ പ്രവർത്തിക്കുന്ന ഡെന്റൽ കോളജിന്റെ ഭൂമിയും സർക്കാർ ഭൂമി കയ്യേറിയതാണെന്ന ആക്ഷേപം ശക്തമാണ്. വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിലെ ആഭ്യന്തര കാര്യങ്ങളിൽ മാനേജ്‌മെന്റ് കാണിക്കുന്ന വീഴ്ചയും അധ്യാപകർക്ക് പീഡനം തുടരാൻ നൽകുന്ന ഒത്താശയുമാണ് ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. വിദ്യാർത്ഥിയുടെ കുടുംബം ഉന്നയിച്ച പരാതികളിൽ മാനേജ്‌മെന്റിന് മറുപടിയില്ല. അതേസമയം, ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ സർവകലാശാലാ സമിതി കോളജിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ ജാതീയ അധിക്ഷേപം നടത്തിയ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണോ മാനേജ്‌മെന്റ് സ്വീകരിച്ചതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സമിതി ക്യാമ്പസിലെത്തി വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കും. മാനേജ്‌മെന്റ് പ്രതിനിധികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സർവകലാശാലയുടെ പരിഗണനയിലാണെന്നാണ് സൂചന.