
പന്തളം: പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വിഷുദിനമായ ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ക്ഷേത്രവിഗ്രഹത്തിൽ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കാണാതായത്. എന്നാൽ നിമിഷങ്ങൾക്കകം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കാണിപ്പൊന്ന് കണ്ടെടുത്തു.
ദർശനത്തിനെത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായി ശ്രീകോവിലിനുള്ളിൽ നിന്നും പൂജാരി കാണിപ്പൊന്ന് നൽകാറുണ്ട്. ഇത്തരത്തിൽ തൊഴാനായി വാങ്ങിയ ഭക്തരിൽ ഒരാൾ ഇത് കൈക്കലാക്കി മടങ്ങുകയായിരുന്നു. താൻ കൊട്ടാരം കുടുംബാംഗമാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ കാണിപ്പൊന്ന് വാങ്ങിയത്. ദർശനം കഴിഞ്ഞ് ഇയാൾ മടങ്ങിയതോടെയാണ് വിഗ്രഹത്തിൽ ചാർത്തേണ്ട സ്വർണ്ണ നാണയത്തിന്റെ വലിപ്പമുള്ള കാണിപ്പൊന്ന് കാണാനില്ലെന്ന വിവരം അധികൃതർ ശ്രദ്ധിക്കുന്നത്. തുടർന്ന് ഉടൻ തന്നെ പൊലീസ് പരിശോധന ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഭക്തനെ കണ്ടെത്തുകയും ഇയാളുടെ പോക്കറ്റിൽ നിന്നും കാണിപ്പൊന്ന് വീണ്ടെടുക്കുകയും ചെയ്തു. വിഷുക്കൈനീട്ടമായി നൽകിയതാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ ഇത് പോക്കറ്റിലിട്ടതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അബദ്ധം പറ്റിയതാണെന്ന് ബോധ്യപ്പെട്ടതോടെ മറ്റ് നടപടികളില്ലാതെ ഇയാളെ വിട്ടയച്ചു. പന്തളം കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കുന്ന തിരുവാഭരണങ്ങൾ വിഷുക്കണിക്കായി ദേവസ്വം ബോർഡിന് കൈമാറുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്.