Image

നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ ; കോളജ് അധികൃതർക്കെതിരെ കർശന നടപടിക്ക് വിസിക്ക് നിർദ്ദേശം; സർവകലാശാല സമിതി ഇന്ന് തെളിവെടുക്കും

Published on 15 April, 2026
നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ ; കോളജ് അധികൃതർക്കെതിരെ കർശന നടപടിക്ക് വിസിക്ക് നിർദ്ദേശം; സർവകലാശാല സമിതി ഇന്ന് തെളിവെടുക്കും

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു. സംഭവത്തിൽ കുറ്റക്കാരായ കോളജ് അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി. വിസി രാജ്ഭവനിലെത്തി ഗവർണറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. പ്രതിസ്ഥാനത്ത് ആരായാലും ദാക്ഷിണ്യം കാട്ടരുതെന്നും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും ചാൻസലർ കൂടിയായ ഗവർണർ വ്യക്തമാക്കി.

​സർവകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി നാളെ കോളജിലെത്തി തെളിവെടുപ്പ് നടത്തും. രണ്ട് ദിവസം ക്യാമ്പസിൽ തങ്ങി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്താനാണ് സമിതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം വൈസ് ചാൻസലർ തിരുവനന്തപുരം ചാലക്കടവിലെ നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളെ നേരിൽ കണ്ടിരുന്നു. കുടുംബം ഉന്നയിച്ച ഗുരുതരമായ പരാതികൾ കൂടി പരിഗണിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ സംബന്ധിച്ച കാര്യങ്ങളും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ചേക്കും.

​നിതിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തെന്ന പരാതിയിൽ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളജ് മാനേജ്‌മെന്റ് ഇതിനകം സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികൾ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

​ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ജാതീയമായി അധിക്ഷേപിച്ചിരുന്നതായും കുടുംബം പരാതിപ്പെടുന്നു. ഈ പീഡനം താങ്ങാനാവാതെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് ക്യാമ്പസിലും പ്രതിഷേധം ശക്തമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക