Image

ആലത്തൂരിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഗാർഹിക പീഡനമെന്ന് പൊലീസ്

Published on 15 April, 2026
ആലത്തൂരിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഗാർഹിക പീഡനമെന്ന് പൊലീസ്

ആലത്തൂർ: ഭർതൃഗൃഹത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി അസ്‌ന (20) മരിച്ച സംഭവത്തിൽ ഭർത്താവ് അബ്ദുൽ റഹ്മാനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുളം നെല്ലിയാംകുന്നം സ്വദേശിയായ ഇയാൾക്കെതിരെ ഗാർഹിക പീഡന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 27-ന് വിഷം ഉള്ളിൽച്ചെന്ന് നിലയിൽ കണ്ടെത്തിയ അസ്‌ന, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരണപ്പെട്ടത്. ആലത്തൂർ ഡിവൈഎസ്പി എ.ജെ. ജോൺസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

​കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു അസ്‌നയും അബ്ദുൽ റഹ്മാനും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ വിവാഹശേഷം ഭർതൃഗൃഹത്തിൽ അസ്‌ന കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സ്കൂളിൽ പോകുന്നതിന് മുൻപ് കഠിനമായ വീട്ടുജോലികൾ ചെയ്യാൻ അസ്‌ന നിർബന്ധിതയായിരുന്നു. ഇത് പെൺകുട്ടിയുടെ പഠനത്തെ സാരമായി ബാധിക്കുകയും വലിയ രീതിയിലുള്ള മാനസിക പ്രയാസങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് മരണത്തിന് മുൻപ് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

​ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നതെങ്കിലും അസ്‌നയുടെ മരണമൊഴിയും ബന്ധുക്കളുടെ പരാതിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഭർത്താവിലേക്ക് എത്തുകയായിരുന്നു. ഗാർഹിക പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് തുനിഞ്ഞതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക