Image

മൂഴിക്കലിലെ കൗമാരകാരിയുടെ മരണം: കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്

Published on 15 April, 2026
മൂഴിക്കലിലെ കൗമാരകാരിയുടെ മരണം: കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്

കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരിയായ നസ്രീനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻകൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമാണ് പ്രതി അദ്‌നാൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതിയും ആത്മഹത്യ ചെയ്യുകയായിരുന്നു. മർകസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയായ നസ്രീനയും അദ്‌നാനും സഹോദരിമാരുടെ മക്കളാണ്.

​തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ വീടിന്റെ പിൻവശത്തെ വാതിൽ വഴി പ്രതി അകത്തുകയറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. രാത്രി 10 മണി വരെ അടുക്കളവാതിൽ കുറ്റിയിടില്ല എന്ന വിവരം മുൻകൂട്ടി അറിഞ്ഞ പ്രതി വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. പുലർച്ചെ വീട്ടുകാർ ഉറങ്ങിയ സമയം നോക്കി നസ്രീനയെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. നേരത്തെ ഇതേ വീട്ടിൽ താമസിച്ചിരുന്ന അദ്‌നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ച് ഡിസംബറിൽ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

​പുലർച്ചെ ഒരു മണിക്കും നാലരയ്ക്കും ഇടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മുകൾനിലയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് നസ്രീനയുടെ വല്യുമ്മ സഫിയ ഉണർന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ ബന്ധുക്കളെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ നസ്രീനയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കട്ടിലിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിയിൽ അദ്‌നാനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

​മറ്റൊരു മുറിയിൽ കയറി വാതിൽ അകത്തുനിന്ന് പൂട്ടിയ അദ്‌നാൻ മുഖമാകെ പായ്ക്കിംഗ് ടേപ്പ് ചുറ്റി ശ്വാസം മുട്ടിയാണ് മരിച്ചത്. പൊലീസ് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴേക്കും പ്രതി മരണപ്പെട്ടിരുന്നു. നസ്രീനയുടെ കഴുത്തിൽ തുണി മുറുക്കിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചേവായൂർ പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക